7.5 കോടി ബജറ്റാകുമെന്ന് പറഞ്ഞ സുമതി വളവിന് 22 കോടിയായി, മാളികപ്പുറം സംവിധാനം ചെയ്തത് ഉണ്ണി മുകുന്ദൻ : മുരളി കുന്നുംപുറത്ത്
വെള്ളം, നദികളില്‍ സുന്ദരി യമുന, സുമതി വളവ് എന്നീ സിനിമകളാണ് മുരളി കുന്നുംപുറത്ത് നിര്‍മിച്ചത്. ഇതില്‍ വെള്ളം എന്ന ജയസൂര്യ നായകനായ സിനിമ മുരളി കുന്നുംപുറത്തിന്റെ ജീവിതകഥ പറഞ്ഞ സിനിമയായിരുന്നു.
നിര്‍മിച്ച സിനിമകള്‍ കൊണ്ടുണ്ടായ കടബാധ്യതകള്‍ താങ്ങാനാവുന്നില്ലെന്നും ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നില്ലെന്നും പറഞ്ഞുകൊണ്ടുള്ള നിര്‍മാതാവ് മുരളി കുന്നുംപുറത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത് കഴിഞ്ഞ ദിവസമാണ്. ഒരാഴ്ച മുന്‍പ് പോസ്റ്റ് ചെയ്ത വീഡിയോ ഉടന്‍ തന്നെ ഫെയ്‌സ്ബുക്കില്‍ നിന്ന് ഡിലീറ്റ് ചെയ്തിരുന്നെങ്കിലും മെറ്റയുടെ തന്നെ ത്രഡ്‌സ് വഴിയാണ് വൈറലായി മാറിയത്.
വെള്ളം, നദികളില്‍ സുന്ദരി യമുന, സുമതി വളവ് എന്നീ സിനിമകളാണ് മുരളി കുന്നുംപുറത്ത് നിര്‍മിച്ചത്. ഇതില്‍ വെള്ളം എന്ന ജയസൂര്യ നായകനായ സിനിമ മുരളി കുന്നുംപുറത്തിന്റെ ജീവിതകഥ പറഞ്ഞ സിനിമയായിരുന്നു. സ്വന്തം ജീവിതം പറഞ്ഞ സിനിമ മറ്റുള്ളവരുടെ ജീവിതത്തെ മാറ്റിയിട്ടുള്ളതിനാല്‍ വെള്ളം ഒരു നഷ്ടമല്ലെന്ന് മുരളി പറയുന്നു. നദികളില്‍ സുന്ദരി യമുന എന്ന സിനിമ മോശമാകാതിരുന്നത് ആ സിനിമയുടെ മേല്‍നോട്ടം ധ്യാന്‍ ശ്രീനിവാസന്‍ വഹിച്ചത് കൊണ്ടായിരുന്നു. വിജേഷ് പാണത്തൂരായിരുന്നു സിനിമ സംവിധാനം ചെയ്തത്. ആദ്യ സിനിമ ചെയ്യുമ്പോള്‍ അദ്ദേഹത്തിന് കാര്യമായി ഒന്നും അറിയില്ലായിരുന്നു. മുരളി പറയുന്നു.
നിര്‍മിച്ച സിനിമകളില്‍ ഏറ്റവും നഷ്ടമുണ്ടാക്കിയത് സുമതി വളവായിരുന്നു. മാളികപ്പുറം എന്ന ഹിറ്റ് സിനിമ ഒരുക്കിയവര്‍ എന്ന നിലയിലായാണ് സുമതി വളവ് ഏറ്റെടുത്തത്. ആദ്യം 7 കോടി ബജറ്റ് വരുന്ന സിനിമയായിരുന്നു. അങ്ങനെയാണ് സംവിധായകന്‍ വിഷ്ണു ഹരിശങ്കര്‍ പറഞ്ഞത്. എന്നാല്‍ സിനിമ തീര്‍ന്നപ്പോള്‍ 22 കോടിയായി. പിന്നീടാണ് അറിഞ്ഞത് മാളികപ്പുറം സംവിധാനം ചെയ്തത് ഉണ്ണി മുകുന്ദന്‍ ആണെന്ന്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ 12-13 കോടിക്ക് ചെയ്യാനാകുമെന്ന പറഞ്ഞ സിനിമയായിരുന്നു സുമതി വളവ്. 6.67 കോടിയുടെ നഷ്ടം സിനിമയ്ക്കുണ്ടായി. ഇത്രയും കാര്യങ്ങളായിരുന്നു വീഡിയോയില്‍ മുരളി വ്യക്തമാക്കിയത്.
തന്റെ വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ തന്നെ വിളിച്ച് ആശ്വസിപ്പിച്ചെന്ന് മുരളി പറയുന്നു. വേണു കുന്നപ്പള്ളി, ജൂഡ് ആന്റണി,ജയസൂര്യ, ഉണ്ണി മുകുന്ദന്‍, സിദ്ദിഖ് എന്നിവരൊക്കെ വിളിച്ചു. നല്ല കഥയുണ്ടെങ്കില്‍ ഒരുമിച്ച് സിനിമ ചെയ്യാമെന്ന് വേണു കുന്നപ്പള്ളി പറഞ്ഞു. സൈജു കുറുപ്പ്, ഗോകുല്‍ സുരേഷ്, ശിവദ തുടങ്ങിയവര്‍ തന്റെ അവസ്ഥ മനസിലാക്കി പൈസ ചോദിച്ചിട്ടില്ലെന്നും എന്നാല്‍ കൊടുക്കാനുള്ളത് എന്നെങ്കിലും അവര്‍ക്ക് കൊടുക്കുമെന്നും മുരളി കുന്നുംപറമ്പ് പറയുന്നു.