രേണുക വേണു|
Last Modified വ്യാഴം, 19 ഫെബ്രുവരി 2026 (10:36 IST)
വർഗീയ നിറഞ്ഞ രംഗങ്ങളാലും ഡയലോഗുകളാലും സമ്പന്നമാണ് കേരള സ്റ്റോറിയുടെ രണ്ടാം ഭാഗമായ ബിയോണ്ട് ദ് കേരള സ്റ്റോറി ട്രെയിലറും. കഴിഞ്ഞ ദിവസം ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നെ പല ഭാഗങ്ങളിൽ നിന്നാണ് വിമർശനങ്ങളും ട്രോളുകളും ഉയരുന്നത്. ട്രെയിലറിന് താഴെ മലയാളികൾ രസകരമായ നിരവധി കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നതും കാണാം.
ചിത്രത്തിൽ കേരളത്തിൽനിന്നുള്ള ഒരു ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗമാണ് ട്രോളുകൾക്ക് പ്രധാന കാരണം. 'ബീഫ് കഴിക്കുന്നതിനേക്കാൾ നല്ലത് ഞാൻ പട്ടിണി കിടന്നു മരിക്കുന്നതാണ്' എന്നാണ് സീനിൽ കഥാപാത്രം പറയുന്നത്. പിന്നാലെ ഇതിനെ ട്രോളികൊണ്ട് നിരവധി മലയാളി കമന്റുകളാണ് നിറയുന്നത്.
ആ കുട്ടിക്ക് ബീഫ് മാത്രം കൊടുത്തത് കൊണ്ടായിരിക്കും കഴിക്കാത്തത്, ഒരു പൊറോട്ട കൂടി കൊടുക്കൂ എന്ന് ചിലർ, ബീഫ് കഴിക്കുന്ന രംഗത്തിന് ഇനി ആളെ ആവശ്യമുണ്ടെങ്കില്‍ പറയണമെന്നും നിര്‍ബന്ധിക്കാതെ തന്നെ കഴിക്കാമെന്ന് മറ്റു ചിലർ, ബീഫിനൊക്കെ എന്തൊരു വിലയാണെന്നും ഇങ്ങനെ തുപ്പിക്കളയാമോ കുട്ടീ എന്നാണ് ചിലരുടെ ചോദ്യം... ബീഫ് കഴിച്ചുകൊണ്ട് ട്രെയിലർ കാണുന്നവരുണ്ടോ? ബീഫ് കഴിക്കുവാണേൽ അത് പരമുവേട്ടന്റെ കടയിൽ നിന്ന് തന്നെ കഴിക്കണം... തുടങ്ങി ട്രോൾ മഴയാണ് ഈ രംഗങ്ങൾക്കെതിരെ ഉയരുന്നത്. അടുത്ത ദേശീയ അവാര്‍ഡ് ലോഡിങ്... എന്നാണ് മിക്കവരുടേയും പരിഹാസം.
കാമാഖ്യ നാരായണ സിങ് ആണ് സിനിമയുടെ സംവിധാനം. വിപുല്‍ അമൃത് ലാല്‍ ഷായും സണ്‍ഷൈന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത് പുതുമുഖങ്ങളാണ്. ഫെബ്രുവരി 27 നാണ് സിനിമയുടെ റിലീസ്. അതേസമയം 2023 മേയ് 5നാണ് കേരള സ്റ്റോറി തിയറ്ററുകളിലെത്തിയത്. സുദിപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സിനിമ നിർമിച്ചത് വിപുൽ അമൃത്‌ലാൽ ഷായാണ്. കേരളത്തിൽനിന്നും കാണാതായ 32,000 സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയെന്നായിരുന്നു അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. വിവാദങ്ങൾക്ക് പിന്നാലെ യൂട്യൂബ് വിവരണത്തിൽ മാറ്റം വരുത്തി മൂന്നു പെൺകുട്ടികളുടെ കഥ എന്നാക്കി മാറ്റിയിരുന്നു.