പശ്ചിമേഷ്യൻ സംഘർഷം, ദൃശ്യം 3, പേട്രിയറ്റ് അടക്കമുള്ള സിനിമകളുടെ ഗൾഫ് റിലീസിൽ ആശങ്ക

ഈദ് റിലീസായി എത്തേണ്ടിയിരുന്ന മലയാളം സിനിമകളുടെ റിലീസിംഗും പ്രതിസന്ധിയിലായിരിക്കുകയാണ്.

Malayalam movies, Gulf release, Drishyam 3, Aadu 3, Patriot
രേണുക വേണു| Last Modified ചൊവ്വ, 3 മാര്‍ച്ച് 2026 (09:29 IST)
യുഎസ്- ഇസ്രായേല്‍ ആക്രമണത്തിന് മറുപടിയായി ഇറാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുള്ള മിസൈലാക്രമണം കടുപ്പിച്ചതോടെ അനിശ്ചിതത്വത്തിന് നടുവിലാണ് പശ്ചിമേഷ്യ. ജിസിസി രാജ്യങ്ങളിലെ അമേരിക്കന്‍ ബേസ് ക്യാമ്പുകള്‍ക്ക് നേരെയാണ് ആക്രമണങ്ങള്‍ നടത്തുന്നതെങ്കിലും പശ്ചിമേഷ്യയിലെ ഈ യുദ്ധസമാനമായ സ്ഥിതി വലിയ ആശങ്കയാണ് നല്‍കുന്നത്. ഇതോടെ ഈദ് റിലീസായി എത്തേണ്ടിയിരുന്ന മലയാളം സിനിമകളുടെ റിലീസിംഗും പ്രതിസന്ധിയിലായിരിക്കുകയാണ്.

കേരള സിനിമയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട വിദേശ വിപണിയായ ഗള്‍ഫ് മേഖലയിലെ സാഹചര്യം സിനിമാ മേഖല ആശങ്കയോടെയാണ് നോക്കി കാണുന്നത്. ഗീതു മോഹന്‍ ദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക്, മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്ന ആട് 3, നിവിന്‍ പോളി ചിത്രമായ പ്രതിച്ഛായ, മമ്മൂട്ടി- മോഹന്‍ലാല്‍ ഒരുമിക്കുന്ന പേട്രിയറ്റ്, മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം,ടൊവിനോ തോമസ് ചിത്രമായ പള്ളിചട്ടമ്പി എന്നിങ്ങനെയുള്ള വമ്പന്‍ സിനിമകളാണ് റിലീസിനായി കാത്തിരിക്കുന്നത്. യുദ്ധം തുടര്‍ന്നാല്‍ ഈ സിനിമകളുടെ ജിസിസി റിലീസ് പ്രശ്‌നം നേരിടുമെന്നാണ് റിപ്പോര്‍ട്ട്.

ഇതിനകം പ്രഖ്യാപിച്ചിരിക്കുന്ന ചില ചിത്രങ്ങളുടെ റിലീസ് തീയതികളെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ വന്നിട്ടില്ലെങ്കിലും, നിര്‍മ്മാതാക്കളും വിതരണക്കാരും സുരക്ഷാ സാഹചര്യം നിരീക്ഷിച്ച ശേഷമേ അന്തിമ തീരുമാനം എടുക്കുകയുള്ളുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഈദ് റിലീസായി ആട് 2, ധുരന്ധര്‍, ടോക്‌സിക് എന്നീ സിനിമകളാണ് റിലീസ് കാത്തിരിക്കുന്നത്. ദൃശ്യം 3 ഏപ്രില്‍ 2നും പേട്രിയറ്റ് ഏപ്രില്‍ 23നുമാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഈ സിനിമകളുടെ ഗള്‍ഫ് റിലീസാണ് ഇപ്പൊള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. മലയാള സിനിമയുടെ ബോക്‌സോഫീസ് കണക്കുകളില്‍ വലിയ സ്വാധീനമാണ് ജിസിസി കളക്ഷനിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :