അഭിറാം മനോഹർ|
Last Modified ബുധന്‍, 31 ഡിസംബര്‍ 2025 (17:51 IST)
മുംബൈ:
ചെറുപ്പത്തില്‍ വിവാഹം ചെയ്തത് ഒരു പിഴവായി തോന്നുന്നുവെന്ന് തുറന്നുപറഞ്ഞ് ബോളിവുഡ് താരവും ഫിറ്റ്‌നസ് ഐക്കണുമായ മലൈക അറോറ. സ്ത്രീകള്‍ വിവാഹം പോലുള്ള ദീര്‍ഘകാല തീരുമാനങ്ങളിലേക്ക് കടക്കുന്നതിന് മുന്‍പ് ജീവിതം പൂര്‍ണമായി അനുഭവിക്കണമെന്നും വിവാഹത്തിന് മുന്‍പ് സ്വയം കണ്ടെത്താന്‍ ശ്രമിക്കണമെന്നും താരം അഭിപ്രായപ്പെട്ടു.
സ്വന്തം അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു മലൈകയുടെ പ്രതികരണം. സ്ത്രീകള്‍ക്ക് മാനസികവും സാമ്പത്തികവുമായ സ്വാതന്ത്ര്യം കൈവരിക്കേണ്ടത് അത്യാവശ്യമാണ്, സ്വന്തം ആഗ്രഹങ്ങളും ലക്ഷ്യങ്ങളും തിരിച്ചറിഞ്ഞ ശേഷമേ വിവാഹം പോലുള്ള തീരുമാനങ്ങള്‍ എടുക്കാവൂ. ആദ്യം ജീവിതം ജീവിക്കാനും സ്വയം മനസിലാക്കാനും സമയം കണ്ടെത്തണം. എന്നിട്ടാകണം വിവാഹം. മലൈക പറഞ്ഞു. അതേസമയം തന്റെ ആദ്യ വിവാഹത്തെ താന്‍ ഒരിക്കലും പൂര്‍ണമായും നിഷേധിക്കുകയല്ലെന്നും അര്‍ബാസ് ഖാനുമായുള്ള ആദ്യ വിവാഹജീവിതം വിലപ്പെട്ട ഒട്ടേറെ അനുഭവങ്ങള്‍ നല്‍കിയെന്നും പ്രത്യേകിച്ച് അമ്മയായത് തന്റെ ജീവിതത്തിലെ വലിയ അനുഗ്രഹങ്ങളില്‍ ഒന്നാണെന്നും താരം പറഞ്ഞു.
നിലവില്‍ വിവാഹം കഴിക്കാനുള്ള പദ്ധതികളില്ല. വിവാഹമെന്ന ആശയത്തെ തെറ്റാണെന്ന് പറയുന്നില്ല. സ്വാഭാവികമായി രൂപപ്പെടുന്ന ബന്ധങ്ങളെ നിഷേധിക്കാനും ആഗ്രഹിക്കുന്നില്ല. സമ്പൂര്‍ണ്ണതയും സന്തോഷവും ഒരേ രീതിയില്‍ ജീവിച്ചാല്‍ മാത്രമെ ഉണ്ടാവുകയുള്ളു എന്നത് തെറ്റായ ചിന്തയാണെന്നും പരമ്പരാഗതമായ ജീവിതരീതികള്‍ക്ക് പുറത്തും സന്തോഷം കണ്ടെത്താനാകുമെന്നും മലൈക പറഞ്ഞു