രേണുക വേണു|
Last Modified വെള്ളി, 2 ജനുവരി 2026 (18:58 IST)
'അറിയാലോ മമ്മൂട്ടിയാണ്' - 2026 അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ് പുറത്തുവിട്ട പോസ്റ്ററോടെയാണ് പുതുവർഷത്തെ മമ്മൂട്ടി ആരാധകർ വരവേറ്റത്. ഉണ്ട എന്ന ചിത്രത്തിന് ശേഷം
ഖാലിദ് റഹ്മാൻ - മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമായിരിക്കും ഇത്. 2026ൽ ചിത്രീകരണം ആരംഭിക്കും എന്നതൊഴിച്ചാൽ ചിത്രവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളൊന്നും ഇതുവരെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
മലയാളികളുടെ സ്വന്തം മമ്മൂക്കയ്ക്കുള്ള ട്രിബ്യൂട്ട് ആയിരിക്കുമെന്നും പക്കാ മമ്മൂക്ക പടമായിരിക്കും ചിത്രമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ചിത്രത്തിൽ നസ്ലൻ ഉൾപ്പെടെയുള്ള താരങ്ങളുണ്ടായേക്കുമെന്ന തരത്തിൽ സോഷ്യൽമീഡിയ പേജുകളിലൂടെ വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ബോക്സ് ഓഫീസിൽ ശരാശരി പ്രകടനങ്ങൾ കാഴ്ചവെച്ചതും ആരോഗ്യപരമായ പ്രയാസങ്ങൾ നേരിട്ടതും തുടങ്ങി മമ്മൂട്ടിയെന്ന നടനെ സംബന്ധിച്ച് പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു 2025. 2025ൻ്റെ അവസാനത്തോടെയിറങ്ങിയ കളങ്കാവൽ ഒഴിച്ചുനിർത്തിയാൽൽ തിയേറ്ററിൽ കാര്യമായ ചലനമുണ്ടാക്കാൻ ഇക്കുറി മമ്മൂട്ടി ചിത്രങ്ങൾക്ക് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ മമ്മൂട്ടിയുടെ ശക്തമായ തിരിച്ചുവരവിൻ്റെ കൂടി വർഷമായാണ് 2026നെ പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
17 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി-മോഹൻലാൽ എന്നിവർ ഒന്നിച്ചെത്തുന്ന പാട്രിയറ്റ് തന്നെയാണ് 2026 ലെ ഹൈലൈറ്റ്. മഹേഷ് നാരായണൻ കഥയും തിരക്കഥയുമൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ തുടങ്ങി വൻതാരനിരയാണ് അണിനിരക്കുന്നത്.