കാരിക്കാമുറി ഷൺമുഖൻ വീണ്ടും, അപ്പുറത്ത് ജോർജ് സാറും; തിരിച്ചുവരവിനു രഞ്ജിത്ത്

ലൊക്കേഷനിൽ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്

Mammootty, Renjith, Prakash Varma, Karikkamuri Shanmukhan
രേണുക വേണു| Last Modified ചൊവ്വ, 6 ജനുവരി 2026 (11:56 IST)
22 വർഷങ്ങൾക്ക് ശേഷം വീണ്ടും അവതരിക്കാനൊരുങ്ങുകയാണ് മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ. 2004ൽ രഞ്ജിത്ത് എഴുതി സംവിധാനം ചെയ്ത ബ്ലാക്ക് എന്ന ചിത്രത്തിലെ കാരിക്കുറി ഷൺമുഖൻ എന്ന കഥാപാത്രത്തിന് വർഷങ്ങൾക്കിപ്പുറവും മങ്ങലേൽക്കാത്ത ഫാൻബേസുണ്ട്. ഷൺമുഖൻ എന്ന പൊലീസുകാരനായ ​ഗുണ്ടയുടെ കഥാപാത്രം മമ്മൂട്ടി ആരാധകർക്ക് ഒരു കൾട്ട് ഫി​ഗറാണ്.

ഇപ്പോഴിതാ തുടരും എന്ന ചിത്രത്തിലെ ജോർജ് സർ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ പ്രകാശ് വർമ്മയെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് ഒരുക്കുന്ന പുതിയ ചിത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് കാരിക്കാമുറി ഷൺമുഖൻ. സിനിമയിൽ അതിഥി വേഷത്തിലായിരിക്കും മമ്മൂട്ടിയെത്തുക. ലൊക്കേഷനിൽ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. കാതിൽ കടുക്കനിട്ട് ഷൺമുഖന്റെ മാസ്റ്റർപീസ് കോസ്റ്റ്യൂം ആയ ബ്ലാക്ക് ഷർട്ടിൽ മമ്മൂട്ടി നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.

കൊച്ചിയിലെ പൊലീസുകാരുടെ കഥയാണ് ചിത്രം പറയുന്നത്. ഏതാണ്ട് പത്ത് മിനിറ്റ് ദൈർഘ്യം മാത്രമാണ് മമ്മൂട്ടി കഥാപാത്രത്തിനുള്ളതെന്നാണ് വിവരം. പ്രകാശ് വർമ്മയ്ക്കൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത് ഉദയകൃഷ്ണൻ. കോ–ഡയറക്ടർ ശങ്കർ രാമകൃഷ്ണൻ.പ്രശാന്ത് രവീന്ദ്രൻ ആണ് ഛായാഗ്രഹണം. സത്യം സിനിമാസിന്റെ ബാനറിൽ എം.ജി. പ്രേമചന്ദ്രനും വർണ ചിത്രയുടെ ബാനറിൽ മഹാ സുബൈറും ചേർന്നാണ് നിർമാണം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :