നിങ്ങളെ രക്ഷിക്കാനാരും വരില്ല, സ്വന്തം കാലിൽ നിന്നതിന് ശേഷം മതി കല്യാണം: യുവതികളോട് കങ്കണ
ഗ്രേറ്റര്‍ നോയിഡയിലെയും ഭോപ്പാലിലെയും യുവതികളുടെ മരണം രാജ്യത്ത് വലിയ തോതില്‍ ചര്‍ച്ചയാവുന്നതിനിടെ വിഷയത്തില്‍ പ്രതികരണവുമായി നടിയും എം പിയുമായ കങ്കണ റണാവത്ത്. സാമ്പത്തികമായി പര്യാപ്തരായതിന് ശേഷം മാത്രം വിവാഹം ചെയ്താല്‍ മതിയെന്നാണ് യുവതികളോട് കങ്കണ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് കങ്കണയുടെ പ്രതികരണം.
ഭോപാലില്‍ ദാമ്പത്യപ്രശ്‌നങ്ങളുടെ പേരില്‍ ട്വിഷ എന്ന മോഡലും നോയിഡയില്‍ ദീപിക എന്ന യുവതിയും ആത്മഹത്യ ചെയ്ത സംഭവങ്ങളെ തുടര്‍ന്നാണ് കങ്കണയുടെ കുറിപ്പ്. പരസ്പരം ബന്ധങ്ങളില്ലെങ്കിലും 2 സംഭവങ്ങളും രാജ്യത്ത് വലിയ ചര്‍ച്ചയായിരുന്നു. വിവാഹിതരായ യുവതികളെ പറ്റി നിരവധി വേദനാജനകമായ വാര്‍ത്തകളാണ് ദിവസവും വരുന്നത്. വിദ്യാസമ്പന്നരായ ഈ യുവതികളില്‍ പലരും ദുരന്തങ്ങള്‍ സംഭവിക്കും മുന്‍പ് രക്ഷിക്കാന്‍ മാതാപിതാക്കളോട് അഭ്യര്‍ഥിക്കാറുണ്ട്. എന്നാല്‍ സമൂഹത്തെ പേടിച്ച് പെണ്മക്കള്‍ക്കൊപ്പം നില്‍ക്കാന്‍ ഇന്ത്യയിലെ മാതാപിതാക്കള്‍ ശ്രമിക്കാറില്ല.
നിങ്ങളുടെ കരിയര്‍ നിങ്ങളുടെ ജീവിതത്തിലെ മറ്റെന്തിനേക്കാളും പ്രധാനമാണ്. സ്വതന്ത്രയായതിന് ശേഷം മാത്രം വിവാഹത്തെ പറ്റി ചിന്തിക്കുക. ദയവായി നിങ്ങള്‍ സ്വയം നിങ്ങളുടെ നായികയാകണം. നിങ്ങളെ രക്ഷിക്കാന്‍ ആരും വരില്ല. നിങ്ങള്‍ ആരായിരിക്കുന്നു, എന്ത് ചെയ്യുന്നു, ആരെ വിവാഹം ചെയ്യുന്നു എന്നതെല്ലാം പ്രധാനമാണ്. നിങ്ങളുടെ ജീവിതം നിങ്ങള്‍ കെട്ടിപ്പടുക്കുക. ആരുടെയും ഉപദേശം തേടരുത്. കങ്കണ പറഞ്ഞു.