'കമ്മ്യൂണിസവും കരിമീനും വേണമെങ്കിൽ കേരളത്തിലേക്ക് പോണം, വേറെ എവിടെയും കിട്ടില്ല': കമൽ ഹാസൻ

തന്റെ പുതിയ ചിത്രമായ തഗ് ലൈഫിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു കമൽ ഇഷ്ട ഭക്ഷണത്തെ കുറിച്ച് പറഞ്ഞത്.

Kamalhaasan
Kamalhaasan
നിഹാരിക കെ.എസ്| Last Modified ശനി, 17 മെയ് 2025 (15:25 IST)
കേരളത്തിലെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണത്തേക്കുറിച്ച് കമൽ ഹാസൻ. ഏറ്റവും ഇഷ്ടപ്പെട്ട കേരള ഭക്ഷണം എന്താണെന്ന ചോദ്യത്തിനാണ് കമൽ ഹാസൻ തനിക്ക് കരിമീൻ ഭയങ്കര ഇഷ്ടമാണെന്ന് പറഞ്ഞത്. താനൊരു കരിമീൻ ഫാൻ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ പുതിയ ചിത്രമായ തഗ് ലൈഫിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു കമൽ ഇഷ്ട ഭക്ഷണത്തെ കുറിച്ച് പറഞ്ഞത്.

'ഞാൻ കേരളത്തിൽ കൊച്ചിയിലേക്ക് വന്നാൽ, രാവിലെത്തെ ബ്രേക്ക്ഫാസ്റ്റ് കരിമീൻ, ഉച്ചയ്ക്ക് കരിമീൻ മോളി, രാത്രിയിൽ കരിമീൻ പൊള്ളിച്ചത്. ഞാനൊരു കരിമീൻ ഫാൻ ആണ്. അത് വേറെ എവിടെയും കിട്ടില്ല. കമ്മ്യൂണിസം വേണമെങ്കിൽ കേരളത്തിലേക്ക് പോണം, കരിമീൻ വേണമെങ്കിലും കേരളത്തിലേക്ക് പോണം. ഒന്നുകിൽ കേരളത്തിലേക്ക് പോണം, അല്ലെങ്കിൽ റഷ്യയിലേക്ക് പോണം. രണ്ടിടത്തും കരിമീൻ കിട്ടും. റഷ്യയിലും കരിമീൻ കിട്ടും. കരിമീനും കമ്മ്യൂണിസത്തിനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഞാൻ‌ ആലോചിക്കാറുണ്ട്. എന്നാൽ ക്യൂബയിൽ കരിമീൻ കിട്ടില്ല. ലോകത്തിൽ രണ്ടിടത്തേ കരിമീൻ കിട്ടുകയുള്ളൂ', കമൽ ഹാസൻ പറഞ്ഞു.

അതേസമയം, തമിഴകത്തെ ഏറ്റവും ഹൈപ്പുള്ള സിനിമകളിലൊന്നാണ് തഗ് ലൈഫ്. 35 വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്നു എന്ന പ്രത്യേകത തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും ഹൈലൈറ്റ്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളൊക്കെ അണിയറപ്രവർത്തകർ നേരത്തെ തന്നെ തുടങ്ങിക്കഴിഞ്ഞു. ജൂൺ 5 നാണ് ത​ഗ് ലൈഫ് റിലീസിനെത്തുക. കമൽ ഹാസനെക്കൂടാതെ ചിമ്പു, ജോജു ജോർജ്, അലി ഫസൽ, തൃഷ, അശോക് സെല്‍വന്‍, നാസര്‍, വയ്യാപൂരി, ഐശ്വര്യ ലക്ഷ്മി, അഭിരാമി, സാന്യ മല്‍ഹോത്ര എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :