മണിരത്നം എന്ത് കറക്ടാടാ എന്ന് പറഞ്ഞു മമ്മൂക്ക, മമ്മൂക്കയുടെ മുറിയിലെത്തിയപ്പോൾ പ്രൊജക്ടറിലും അത് തന്നെ ഇക്ക ചിരിയോട് ചിരി: ജയറാം

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (13:04 IST)
പൊന്നിയിൻ സെൽവൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ ട്രെയ്‌ലർ ലോഞ്ച് ഇവൻ്റിൽ മലയാളതാരം ജയറാം നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പൊനിയിൻ സെൽവൻ സെറ്റിൽ നടന്ന ചില സംഭവങ്ങൾ ജയറാം സദസ്സിൽ വെച്ച് പറഞ്ഞിരുന്നു. ഇതിൽ സംവിധായകൻ മണിരത്നം, തമിഴ് നടൻ പ്രഭു എന്നിവരെ ജയറാം അനുകരിച്ചിരുന്നു. സദ്ദസ്സിനെ ഒന്നാകെ കയ്യിലെടുത്ത ഈ പ്രകടനത്തെ ഒരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

കാലമിത്രയായിട്ടും അനുകരണകല ജയറാമിനെ വിട്ട് പോയില്ലെന്നും പ്രഭുവിനെയെല്ലാം അങ്ങനെ തന്നെ അവതരിപ്പിച്ചുവെന്നും ആരാധകർ ജയറാമിനെ പുകഴ്ത്തുമ്പോൾ തൻ്റെ പ്രകടനം കണ്ട് മമ്മൂക്ക അഭിനന്ദിച്ചതിനെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് ജയറാം. പൊന്നിയിൽ സെൽവൻ ട്രെയിലർ ലോഞ്ച് സമയത്ത് എന്തെങ്കിലും 2 വാക്ക് പറയണമെന്നെ പറഞ്ഞിരുന്നുള്ളു. മണിരത്നത്തിൻ്റെയും പ്രഭുവിൻ്റെയും സമ്മതം വാങ്ങിയാണ് സെറ്റിലെ കഥ പറയാൻ തീരുമാനിച്ചത്.

ചെന്നൈയിലെ പരിപാടി കഴിഞ്ഞു ഞാൻ പിറ്റേ ദിവസം ഹൈദരാബാദിലെത്തി ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോൾ ദേ വരുന്നു മമ്മൂക്ക. ഓടി വന്നു കെട്ടിപ്പിടിച്ചിട്ടു പറഞ്ഞു. തകർത്തെടാ തകർത്തു. ഇന്നലെ നീ തകർത്തു മറിച്ചു. അല്പം കഴിഞ്ഞ് മമ്മൂക്കയുടെ മുറിയിലെത്തിയപ്പോൾ പ്രൊജക്ടറിലും ഇത് തന്നെയാണ് ഓടുന്നത്. അദ്ദേഹം പിന്നെയും കണ്ട് ചിരിച്ചുകൊണ്ടിരിക്കുകയാണ്. മണിരത്നം എന്ത് കറക്ടാടാ എന്നും പറഞ്ഞ് പിന്നെയും പിന്നെയും ചിരിക്കയാണ്. ജയറാം പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :