കമൽ ചിത്രം കൈവിട്ടു പോയി, കൈതി ഷൂട്ടിംഗ് വീണ്ടും നീട്ടിവെച്ചു; ലോകേഷ് കനകരാജിന് സംഭവിക്കുന്നത്...

കൈതിയുടെ മേക്കിംഗ് തമിഴ് സിനിമയ്ക്ക് പുതുമ നിറഞ്ഞതായിരുന്നു.

നിഹാരിക കെ.എസ്| Last Modified ചൊവ്വ, 23 സെപ്‌റ്റംബര്‍ 2025 (13:37 IST)
മാനഗരം എന്ന സിനിമയിലൂടെയാണ് ലോകേഷ് കനകരാജ് എന്ന സംവിധായകൻ ജനിക്കുന്നത്. എന്നാൽ, കാത്തിയെ നായകനാക്കി സംവിധാനം ചെയ്ത കൈതി ആയിരുന്നു ലോകേഷിന്റെ കരിയർ മാറ്റി മറിച്ച സിനിമ. കൈതിയുടെ മേക്കിംഗ് തമിഴ് സിനിമയ്ക്ക് പുതുമ നിറഞ്ഞതായിരുന്നു. പിന്നീട് കൈ നിറയെ സിനിമകളായിരുന്നു ലോകേഷിന്.

വിജയ്‌യെ നായകനാക്കി മാസ്റ്റർ, ലിയോ എന്നീ സിനിമകൾ ചെയ്തു. രണ്ടും ബോക്സ്ഓഫീസിൽ ഹിറ്റായിരുന്നു. കൈതിയുടെ മേക്കിങ് സ്റ്റൈൽ ആയിരുന്നില്ല രണ്ട് വിജയ് ചിത്രങ്ങൾക്കും ഉണ്ടായിരുന്നത്. എന്നാൽ, കമൽ ഹാസനെ നായകനാക്കി സംവിധാനം ചെയ്ത വിക്രം കൈതിയോട് കിടപിടിക്കുന്ന ലോകേഷ് സിനിമയായിരുന്നു. വിക്രത്തിന്റെ വിജയം ലോകേഷിനെ രജനികാന്തിനോട് അടുപ്പിച്ചു.

ഉടൻ തന്നെയൊരു സിനിമ വേണമെന്ന രജനികാന്തിന്റെ ആവശ്യപ്രകാരമാണ് ലോകേഷ് കൂലിയുടെ പണിപ്പുരയിലേക്ക് കടന്നത്. എന്നാൽ, ചിത്രത്തിന്റെ ഹൈപ്പ് തന്നെ വിനയായി. രജനികാന്തും ലോകേഷും ആദ്യമായി ഒന്നിച്ച കൂലി സമ്മിശ്ര പ്രതികരണത്തിൽ ഒതുങ്ങി. ലോകേഷിന്റെ ഏറ്റവും മോശം സിനിമയെന്ന ഖ്യാതി കൂലിക്ക് ലഭിച്ചു.

കൂലിയുടെ റിലീസ് സമയത്ത് മൂന്ന് സിനിമകൾ ലോകേഷിന്റേതായി വരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. കമൽ ഹാസൻ നായകനാകുന്ന സിനിമ, കാത്തിയുടെ കൈതി 2, ആമിർ ഖാൻ നായകനാകുന്ന സിനിമ. എന്നാൽ, കൂലിയുടെ പരാജയം ലോകേഷിനെ ബാധിച്ചു. കമൽ ഹാസൻ ചിത്രത്തിൽ നിന്നും ലോകേഷ് കനകരാജ് പുറത്തായി. പകരം മറ്റൊരു സംവിധായകനെ തീരുമാനിച്ചു. ആമിർ ഖാൻ ചിത്രം ഡ്രോപ്പ് ചെയ്തു. ഇപ്പോൾ കൈതി 2 ഉം പാതിവഴിയിൽ നിൽക്കുന്നു.

അതേസമയം ലോകി എല്‍സിയുവിലേക്ക് തിരികെ വരാനുള്ള ഒരുക്കത്തിലാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. നേരത്തെ തന്നെ പ്രഖ്യാപിച്ച, നാളുകളായി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന കൈതി 2വിലേക്ക് കടക്കുകയാണ് ലോകേഷ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കൂലിയുടെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ലോകി എല്‍സിയുവിലേക്കും കൈതിയിലേക്കും തിരികെ വരണമെന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്. കൈതി 2 വിനായി ലോകേഷ് 70 കോടിയാണ് പ്രതിഫലമായി ചോദിച്ചിരിക്കുന്നത്. കൈതിയിൽ 1 കോടി ആയിരുന്നു ലോകേഷിന്റെ പ്രതിഫലം. ഇതാണ് 70 കോടിയിലേക്ക് ഉയർന്നിരിക്കുന്നത്. ഇതാണ് സിനിമ ഷൂട്ടിങ് തുടങ്ങാൻ വൈകുന്നതെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :