തിരിച്ചുപോയാൽ കൊല്ലപ്പെടും, രാജ്യത്തിനോടല്ല എതിർപ്പ്, ഭരണകൂടത്തോട് : നടി എൽനാസ് നൗറുസി

സേക്രഡ് ഗെയിംസ് എന്ന വെബ് സീരീസിലൂടെ ശ്രദ്ധിക്കപ്പെട്ട നടി ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയെ വധിച്ച സംഭവത്തെ അനുകൂലിച്ച് സംസാരിച്ചിരുന്നു.

Elnaz norouzi, Iran- Israel war, Khamenei, Cinema
രേണുക വേണു| Last Modified ചൊവ്വ, 3 മാര്‍ച്ച് 2026 (14:41 IST)
ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക് ഭരണകൂടത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍ വംശജയായ ബോളിവുഡ് നടി എല്‍നാസ് നൊറൗസി. ഇറാനിലെ നിലവിലെ അവസ്ഥ ഭയാനകമാണെന്നും താന്‍ അവിടേക്ക് മടങ്ങിയാല്‍ ഭരണകൂടം തന്നെ കൊലപ്പെടുത്തിയേക്കുമെന്നും താരം വെളിപ്പെടുത്തി. സേക്രഡ് ഗെയിംസ് എന്ന വെബ് സീരീസിലൂടെ ശ്രദ്ധിക്കപ്പെട്ട നടി ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയെ വധിച്ച സംഭവത്തെ അനുകൂലിച്ച് സംസാരിച്ചിരുന്നു. നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ ഉള്ളിടത്തോളം തനിക്ക് ഇറാനിലേക്ക് തിരിച്ച് പോകാനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇറാനിലെ ജനങ്ങളെയും അവിടുത്തെ ഭരണകൂടത്തെയും ഒരേ കണ്ണിലൂടെ കാണരുതെന്നാണ് എല്‍നാസ് പറയുന്നത്.ഇറാന്‍ എന്ന രാജ്യവും അവിടത്തെ ജനങ്ങളെ കൈപ്പിടിയില്‍ ഒതുക്കിയിരിക്കുന്ന ഇസ്ലാമിക റിപ്പബ്ലിക്കും തമ്മില്‍ വ്യത്യാസം ഏറെയാണ്. ഇറാനിലെ ജനതയില്‍ ഭൂരിഭാഗവും വിദ്യാസമ്പന്നരാണ്. അവരുടെ ആശയങ്ങള്‍ ഇസ്ലാമിക റിപ്പബ്ലിക്കിന്റെ ആശയങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. ഇറാനിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് ജനാധിപത്യമാണ്. മതം ആയുധമാക്കി ജനങ്ങളെ നിയന്ത്രിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്,' നടി പറഞ്ഞു.

2022-ല്‍ മഹ്‌സ അമിനിയുടെ മരണത്തെത്തുടര്‍ന്ന് ഇറാനിലുണ്ടായ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് എല്‍നാസ് ശക്തമായ പിന്തുണ നല്‍കിയിരുന്നു. അന്ന് മുതല്‍ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയാണ് താനെന്നും ഇപ്പോള്‍ നാട്ടിലേക്ക് കാലുകുത്തിയാല്‍ ജീവന്‍ അപകടത്തിലാകുമെന്നും എല്‍നാസ് പറഞ്ഞു. തന്റെ കുടുംബം ഇറാന്റെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

'സെക്രഡ് ഗെയിംസ്' എന്ന വെബ് സീരീസിലൂടെ ഇന്ത്യയില്‍ ശ്രദ്ധേയയായ എല്‍നാസ്, ഇറാനിലെ മനുഷ്യാവകാശ പോരാട്ടങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ സജീവമായി ഇടപെടാറുണ്ട്. നിലവില്‍ അക്ഷയ് കുമാറിനൊപ്പം വീല്‍ ഓഫ് ഫോര്‍ച്യൂണ്‍ എന്ന പരിപാടിയില്‍ സഹ- അവതാരകയാണ് എല്‍നാസ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :