അഭിറാം മനോഹർ|
Last Modified ചൊവ്വ, 16 സെപ്‌റ്റംബര്‍ 2025 (15:44 IST)
മലയാള സിനിമയിലെ ആദ്യത്തെ വനിതാ സൂപ്പര്‍ഹീറോ ചിത്രമെന്ന രീതിയില്‍ തിയേറ്ററുകളിലെത്തിയ ലോക: ചാപ്റ്റര്‍ 1 ചന്ദ്ര ബോക്‌സോഫീസില്‍ പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. മലയാളത്തിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് മുന്നേറുന്ന സിനിമ ഇതിനകം തന്നെ 250 കോടി രൂപ ബോക്‌സോഫീസില്‍ നിന്നും സ്വന്തമാക്കി കഴിഞ്ഞു. മലയാളത്തില്‍ അത്ര പരിചിതമല്ലാത്ത സൂപ്പര്‍ ഹീറോ യൂണിവേഴ്‌സിന് തുടക്കം കുറിക്കുക എന്ന വലിയ റിസ്‌കാണ് സിനിമയിലൂടെ നിര്‍മാതാവായ ദുല്‍ഖര്‍ സല്‍മാന്‍ ഏറ്റെടുത്തത്.
ഇപ്പോഴിതാ ലോക സിനിമയുടെ തുടക്കസമയത്ത് സിനിമയുടെ വിജയത്തില്‍ മമ്മൂട്ടിക്കും പ്രിയദര്‍ശനും ആശങ്കയുണ്ടായിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദുല്‍ഖര്‍. ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
നീ എന്ത് റിസ്‌കാണ് എടുത്തത് എന്നാണ് കല്യാണിയുടെ അച്ഛനായ പ്രിയദര്‍ശന്‍ സാര്‍ ചോദിച്ചത്. ഉപ്പയ്ക്കും ആശങ്കയുണ്ടായിരുന്നു. അവര്‍ക്ക് ഞങ്ങള്‍ ഇത് പെട്ടെന്നെടുത്ത പോലുള്ള തീരുമാനമായാണ് തോന്നിയത്. എന്നാല്‍ ഇപ്പോള്‍ ഈ വിജയത്തില്‍ അവരും അഭിമാനിക്കുന്നുണ്ട്. ദുല്‍ഖര്‍ പറഞ്ഞു. അതേസമയം വിജയം തലയില്‍ കയറാന്‍ സമ്മതിക്കരുതെന്നും പരാജയം ഹൃദയത്തില്‍ ഏറ്റെടുക്കരുതെന്നുമാണ് അച്ഛന്‍ തന്നോട് എല്ലായ്‌പ്പോഴും പറയാറുള്ളതെന്നും ഇത്തവണ അക്കാര്യം അച്ഛന്‍ വീണ്ടും പ്രത്യേകം ഓര്‍മിപ്പിച്ചെന്നും കല്യാണി പ്രിയദര്‍ശന്‍ പറഞ്ഞു.