അഭിറാം മനോഹർ|
Last Modified ചൊവ്വ, 3 മാര്‍ച്ച് 2026 (14:21 IST)
മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ആട് 3. കഴിഞ്ഞ ദിവസം പുറത്തുവന്ന സിനിമയുടെ ട്രെയ്ലര്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. പുറത്തിറങ്ങിയ ആദ്യ 2 ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായ അനുഭവമാകും സിനിമ സമ്മാനിക്കുകയെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇതിനിടെ ആട് 3യില്‍ നടി നിഖില വിമലിന്റെ ഐറ്റം ഡാന്‍സുണ്ടാകുമെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് സിനിമയുടെ സംവിധായകനായ മിഥുന്‍ മാനുവല്‍ തോമസ്.
പലരും തന്നോട് ഈ ചോദ്യം ചോദിച്ചിരുന്നതായി മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു. ഞാന്‍ ഒരു ദിവസം രാവിലെ കണ്ണ് തുറക്കുമ്പോള്‍ നിഖില വിമല്‍ ഐറ്റം ഡാന്‍സ് കളിക്കുന്നുവെന്ന് പറഞ്ഞ് വലിയ വാര്‍ത്ത. എന്നോട് സുഹൃത്തുക്കളായ ഒന്ന് രണ്ട് സംവിധായകരും ഇതേകാര്യം ചോദിച്ചു. ഞങ്ങള്‍ ഇതൊന്നും അറിയാതെ മൂലയ്ക്കിരിക്കുകയാണ്. നിഖിലയോട് ചോദിച്ചപ്പോള്‍ സിനിമ ഇറങ്ങട്ടെ പറയാമെന്ന് പറഞ്ഞു. സത്യത്തില്‍ അങ്ങനെ ഐറ്റം ഡാന്‍സ് എന്ന ആശയം തന്നെയില്ല. നമുക്കൊരു ഡാന്‍സുണ്ട്. തീര്‍ച്ചയായും അത് നിഖിലയല്ല. മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞു.