അഭിറാം മനോഹർ|
Last Modified ബുധന്‍, 31 ഡിസംബര്‍ 2025 (17:16 IST)
ന്യൂഡല്‍ഹി:
സല്‍മാന്‍ ഖാന്‍ നായകനാകുന്ന ബോളിവുഡ് ചിത്രം 'ബാറ്റില്‍ ഓഫ് ഗല്‍വാന്‍' ട്രെയ്ലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ അന്താരാഷ്ട്ര തലത്തില്‍ സിനിമയെ ചര്‍ച്ചയാക്കി ചൈനീസ് മാധ്യമങ്ങള്‍. സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്ന ആരോപണവുമായി ചൈനീസ് ഭരണകൂടവുമായി അടുത്തബന്ധമുള്ള ഗ്ലോബല്‍ ടൈംസ് എന്ന ചൈനീസ് ദിനപത്രമാണ് രംഗത്തെത്തിയത്. സിനിമയുടെ ട്രെയ്ലറില്‍ കാണിക്കുന്ന രംഗങ്ങള്‍ യഥാര്‍ഥ സംഭവങ്ങളില്‍ നിന്നും വ്യത്യസ്തമാണെന്നും അതിശയോക്തി തോന്നുന്ന രീതിയിലാണ് രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു. സിനിമയുടെ ട്രെയ്ലറിനെതിരെ ചൈനീസ് ജനതയും സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിട്ടുണ്ട്.
ചരിത്ര പശ്ചാത്തലം
2020 ജൂണ്‍ 15-ന് ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍ സംഭവമാണ് ബാറ്റില്‍ ഓഫ് ഗാല്‍വാനില്‍ പ്രതിപാദിക്കുന്നത്. സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കുകയും നിരവധി ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ പോരാട്ടം ചൈനീസ് സഖ്യത്തിന് വലിയ രീതിയിലുള്ള നഷ്ടമുണ്ടാക്കിയിരുന്നു. 1975ന് ശേഷം ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഉണ്ടായ ഏറ്റവും ഗുരുതരമായ സൈനിക സംഘര്‍ഷങ്ങളിലൊന്നായാണ് ഗാല്‍വാന്‍ സംഭവം വിലയിരുത്തപ്പെടുന്നത്.
സംവിധായകന്‍ അപൂര്‍വ ലഖിയ ഒരുക്കുന്ന 'ബാറ്റില്‍ ഓഫ് ഗല്‍വാന്‍' ഇന്ത്യന്‍ സൈനികരുടെ ധൈര്യവും ത്യാഗവും മുന്‍നിര്‍ത്തിയാണ് കഥ പറയുന്നത്. ഗല്‍വാന്‍ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച കേണല്‍ ബി. സന്തോഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സൈനികരുടെ പോരാട്ടമാണ് സിനിമ പറയുന്നത്. ഇതാണ് ചൈനീസ് പക്ഷത്തെ അസ്വസ്ഥമാക്കുന്നതെന്നാണ് നിരീക്ഷകര്‍ പറയുന്നത്. അതേസമയം സിനിമ ഇന്ത്യന്‍ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്നതിനാല്‍ രംഗങ്ങള്‍ സ്വാഭാവികമാണെന്നും കലാസ്വാതന്ത്ര്യത്തിന്റെ കൂടി ഭാഗമായാണ് സിനിമയെ കാണേണ്ടതെന്നും ഇന്ത്യന്‍ സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പറയുന്നു. സിനിമയെ ചൈനീസ് മാധ്യമം ചര്‍ച്ചയാക്കിയതോടെ സിനിമയ്ക്ക് അന്താരാഷ്ട്ര ശ്രദ്ധ ലഭിച്ചിട്ടുണ്ട്. റിലീസ് ദിനങ്ങള്‍ അടുത്തുവരുമ്പോള്‍ സിനിമ കൂടുതല്‍ വിവാദമാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. 2026 ഏപ്രില്‍ 17നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിട്ടുള്ളത്.