സിനിമ ചോർന്നതൊന്നും ജനനായകനെ ബാധിച്ചില്ല, റിലീസിന് മുൻപെ വിറ്റുപോയത് 6.45 ലക്ഷത്തിലധികം ടിക്കറ്റുകൾ
റിലീസിന് മുന്‍പായി വിറ്റുപോയത് 6.45 ലക്ഷത്തിലധികം ടിക്കറ്റുകളാണ്.
റിലീസ് തീയതി നീണ്ട് 6 മാസം പിന്നിട്ടെങ്കിലും വിജയ് ചിത്രമായ ജനനായകന് വമ്പിച്ച പ്രീസെയ്ല്‍. നേരത്തെ പൊങ്കല്‍ റിലീസ് ആവേണ്ടതായിരുന്ന സിനിമ സെന്‍സര്‍ പ്രശ്‌നങ്ങളെ തുടര്‍ന്ന് നീളുകയായിരുന്നു. ഇതിനിടയില്‍ തമിഴ്നാട്ട് തിരെഞ്ഞെടുപ്പില്‍ വിജയ് മുഖ്യമന്ത്രിയാവുകയും തിരെഞ്ഞെടുപ്പിന് മുന്‍പായി സിനിമയുടെ പൈറേറ്റഡ് പതിപ്പ് ഓണ്‍ലൈനില്‍ ചോരുകയും ചെയ്തിരുന്നു. എന്നാല്‍ ഈ തടസ്സങ്ങളെല്ലാം സിനിമ നേരിട്ടിട്ടും റിലീസിന് മുന്‍പായി വിറ്റുപോയത് 6.45 ലക്ഷത്തിലധികം ടിക്കറ്റുകളാണ്.
എച്ച് വിനോദ് സംവിധാനം ചെയ്ത സിനിമ ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ഡ്രാമയാണ്. സാക്‌നില്‍ക് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ബുക്കിങ് ആരംഭിച്ച് ആദ്യ ദിനം മാത്രം 15 കോടി സിനിമ കളക്റ്റ് ചെയ്തു കഴിഞ്ഞു. ചെന്നൈ നഗരത്തില്‍ 80 ശതമാനത്തിലേറെ ഒക്ക്യുപെന്‍സിയിലാണ് ടിക്കറ്റുകള്‍ വിറ്റുപോയിരിക്കുന്നത്. തമിഴ്നാട്ടില്‍ നിന്ന് മാത്രം അഡ്വാന്‍സ് സെയ്ല്‍ വഴി 8 കോടിയിലധികം രൂപ സിനിമ നേടികഴിഞ്ഞു. കേരളത്തില്‍ നിന്ന് 1.36 കോടിയും സിനിമ ഇതിനകം നേടിയിട്ടുണ്ട്.
സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ഓണ്‍ലൈന്‍ ലീക്കുകളും കാരണം ഏഴു മാസത്തോളമാണ് ചിത്രത്തിന്റെ റിലീസ് വൈകിയത്. ഒടുവില്‍ ബോര്‍ഡിന്റെ 'A' സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസിനെത്തുന്നത്. പൂജ ഹെഗ്‌ഡെ, മമിത ബൈജു, ബോബി ഡിയോള്‍, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, പ്രിയാമണി തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ആദ്യദിനം തന്നെ 50 മുതല്‍ 60 കോടി രൂപ വരെ ചിത്രം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടുമെന്നാണ് ചലച്ചിത്ര വിശകലന വിദഗ്ധരുടെ പ്രവചനം.