അഭിറാം മനോഹർ|
Last Modified ചൊവ്വ, 16 സെപ്‌റ്റംബര്‍ 2025 (14:31 IST)
ബിഗ് ബോസ് മലയാളം സീസണില്‍ വന്ന വേഗത്തില്‍ തന്നെ പുറത്തുപോയ മത്സരാര്‍ഥിയാണ് അവതാരകയായ മസ്താനി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസ് വീട്ടിലെത്തി ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ചര്‍ച്ചകളില്‍ നിറയാന്‍ മസ്താനിക്ക് സാധിച്ചിരുന്നു. എന്നാല്‍ ഷോയില്‍ നിന്ന് വേഗത്തില്‍ മസ്താനി പുറത്താവുകയും ചെയ്തു.
മസ്താനിയുടെ ഷോയ്ക്കകത്തെ പല നിലപാടുകളും വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ബിഗ് ബോസ് ഹൗസിലെ പുറത്താകലിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരിക്കുകയാണ് മസ്താനി. അതെ ഞാന്‍ ബിഗ്‌ബോസില്‍ നിന്നും പുറത്തായി. എല്ലാ എപ്പിസോഡുകളും കാണും. എന്നിട്ട് ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കും. എന്റെ ഹേറ്റേഴ്‌സിനോട് നന്ദി പറയണം. എന്റെ പ്രശസ്തിക്കായി അവര്‍ എന്നേക്കാള്‍ നന്നായി അധ്വാനിക്കുന്നുണ്ട്. ഫ്രീ പ്രൊമോഷന് നന്ദി ഹേറ്റേഴ്‌സ്. എന്ത് രസാ അവറ്റകളുടെ കരച്ചില്‍ കേള്‍ക്കാന്‍. എന്നാണ് മസ്താനി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചത്.
ബിഗ്‌ബോസിലെ ലെസ്ബിയന്‍ കപ്പിളായ ആദില- നൂറ എന്നിവരെ അംഗീകരിക്കാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന മസ്താനിയുടെ നിലപാട് ഹൗസിനകത്തും പുറത്തും വിമര്‍ശിക്കപ്പെട്ടിരുന്നു. ഷോയില്‍ നിന്നും പുറത്തായ മസ്താനിയെ കയ്യടിച്ചും ഡാന്‍സ് ചെയ്തുമാണ് സഹമത്സരാര്‍ഥികള്‍ യാത്രയാക്കിയത്.