'ഒരു മമ്മൂട്ടി ചിത്രം പോലും ഞാൻ വേണ്ടെന്ന് പറഞ്ഞു': മലയാള സിനിമയിലെ നീണ്ട ഇടവേളയെ കുറിച്ച് ഭാവന

"സിനിമ ചെയ്യാൻ ആവശ്യപ്പെട്ട് എന്റെ സുഹൃത്തുക്കൾ നിരന്തരം വിളിക്കുമായിരുന്നു. അവരോടെല്ലാം ഞാൻ 'നോ' പറഞ്ഞു"

No Image Found
രേണുക വേണു| Last Updated: ചൊവ്വ, 20 ജനുവരി 2026 (16:30 IST)

മലയാള സിനിമയിലെ തന്റെ നീണ്ട ഇടവേളയെ കുറിച്ച് തുറന്നുപറഞ്ഞ് നടി ഭാവന. താൻ പെട്ടെന്നെടുത്ത തീരുമാനമായിരുന്നു അതെന്നും ആരും തന്നെ നിർബന്ധിച്ച് മാറ്റി നിർത്തിയതല്ല എന്നും പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ തുറന്നു പറച്ചിൽ.

മാനസികമായി ഒറ്റപ്പെട്ട അവസ്ഥയിലൂടെയായിരുന്നു കടന്നുപോയത്. ആ സമയത്ത് ഒരു ഇടവേള ആവശ്യമാണെന്ന് തോന്നി. മലയാള സിനിമയിൽ അന്ന് എന്താണ് നടക്കുന്നത് എന്നുപോലും തനിക്ക് അറിയേണ്ടതില്ലായിരുന്നു, തന്റെ സുഹൃത്തുക്കൾ വിളിച്ച് സിനിമയിൽ അഭിനയിക്കണെന്ന് പറഞ്ഞിട്ടും എല്ലാവരോടും 'നോ' പറയുകയായിരുന്നു എന്ന് നടി പറഞ്ഞു.

"മലയാള സിനിമയിൽ നിന്ന് ഇടവേള എടുക്കണമെന്ന് എനിക്ക് തോന്നി, അപ്പോഴും സിനിമാ രം​ഗത്തെ നിരവധി പേർ എന്നെ വിളിച്ചു, സിനിമ ചെയ്യാൻ ആവശ്യപ്പെട്ടു. എന്റെ സുഹൃത്തുക്കൾ നിരന്തരം വിളിക്കുമായിരുന്നു. അവരോടെല്ലാം ഞാൻ 'നോ' പറഞ്ഞു"- ഭാവന പറഞ്ഞു.

ആ സമയത്ത് മമ്മൂട്ടിയുടെ സിനിമ പോലും താൻ വേണ്ടെന്ന് വെച്ചു എന്ന് ഭാവന പറയുന്നു. എന്തുകൊണ്ടാണ് അങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ചോദിച്ചാൽ തനിക്ക് ഉത്തരമില്ല എന്നും അതിനെ കുറിച്ച് ആലോചിക്കുമ്പോൾ സന്തോഷം മാത്രമേ ഉള്ളൂ എന്നും നടി പറഞ്ഞു.

"ആഷിഖ് അബു, പൃഥ്വിരാജ്, ജയസൂര്യ, എന്തിനേറെ പറയുന്നു ഞാൻ ഒരു മമ്മൂട്ടി സിനിമ പോലും ആ സമയത്ത് വേണ്ടെന്ന് പറഞ്ഞു. എന്തുകൊണ്ടാണ് അതെല്ലാം നിരസിച്ചതെന്ന് എനിക്ക് അറിയില്ല. അങ്ങനെയൊരു ചോദ്യം ആരെങ്കിലും ചോദിച്ചാൽ എനിക്കതിന് ഉത്തരമില്ല. എന്നാൽ പോലും അന്ന് ഞാൻ എടുത്ത തീരുമാനങ്ങളിൽ എനിക്ക് ഇപ്പോഴും സന്തോഷം മാത്രമേയുള്ളു"- ഭാവന കൂട്ടിച്ചേർത്തു




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :