അങ്ങനെ അദ്ദേഹം വൈശാലി രാമചന്ദ്രനായി... ആദ്യമായി കണ്ടത് അറബിക്കഥയുടെ ദുബായ് ലൊക്കേഷനില്‍ വെച്ച്, ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ സലാം ബാപ്പു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (11:02 IST)
അറ്റ്‌ലസ് രാമചന്ദ്രന്‍ യാത്രയായെങ്കിലും അദ്ദേഹത്തെ കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ സഹപ്രവര്‍ത്തകരുടെ മനസ്സില്‍ ബാക്കിയാണ്.അറബിക്കഥയുടെ ദുബായ് ലൊക്കേഷനില്‍ വെച്ചാണ് സംവിധായകനായ സലാം ബാപ്പു അദ്ദേഹത്തെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും.നിരവധി സിനിമകള്‍ നിര്‍മ്മിക്കുകയും മലയാളികള്‍ ഒരിക്കലും മറക്കാത്ത സിനിമകളുടെ ഭാഗമാവുകയും ചെയ്ത കലാസ്‌നേഹിയായ അറ്റ്‌ലസ് രാമചന്ദ്രന്‍ ജനകോടികളുടെ മനസ്സില്‍ ബാക്കിയാവുന്നുവെന്ന് സംവിധായകന്‍ ഓര്‍മ്മക്കുറിപ്പില്‍ പറയുന്നു.

സലാം ബാപ്പുവിന്റെ വാക്കുകള്‍

ഇന്ത്യയിലും പ്രവാസലോകത്തും മലയാളികളും കലാസ്‌നേഹികളും സ്‌നേഹത്തോടെയും ബഹുമാനത്തോടെയും കണ്ടിരുന്ന
മതുക്കര മൂത്തേടത്ത് രാമചന്ദ്രന്‍ അഥവാ എം എം രാമചന്ദ്രന്‍ എന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു.

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം' എന്ന ഒറ്റ പരസ്യവാചകത്തിന്റെ ഉടലും ശബ്ദവും ഉടമയുമായ വ്യാപാരി എന്നതിനപ്പുറം ഇന്ത്യന്‍ സിനിമ ഒരിക്കലും മറക്കാത്ത മഹത്തായ സിനിമകള്‍ മലയാളത്തിലൂടെ സംഭാവനകള്‍ നല്‍കിയ കലാസ്‌നേഹി കൂടിയാണ് മണ്മറയുന്നത്.

1988ല്‍ ഭരതന്‍ സംവിധാനം ചെയ്ത 'വൈശാലി' നിര്‍മിച്ചുകൊണ്ടായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍ സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. അതോടെ അദ്ദേഹം 'വൈശാലി രാമചന്ദ്രന്‍' ആയി.
1991ല്‍ ജി.അരവിന്ദന്‍ സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ 'വാസ്തുഹാര'
1991ല്‍ സിബിമലയില്‍ സംവിധാനം ചെയ്ത 'ധനം', 1994ല്‍ ഹരികുമാര്‍-എംടി ടീമിന്റെ 'സുകൃതം' എന്ന മമ്മൂട്ടി ചിത്രം എന്നിവയും അദ്ദേഹം പിന്നീട് നിര്‍മിച്ചു. അക്കാലത്ത് പി അനിലിന്റെ 'അനന്തവൃത്താന്തം', പത്മരാജന്റെ 'ഇന്നലെ', ഭരതന്റെ 'വെങ്കലം', വേണുവിന്റെ 'ചകോരം' എന്നീ സിനിമകള്‍ വിതരണം ചെയ്തതും അറ്റ്‌ലസ് രാമചന്ദ്രന്റെ ചന്ദ്രകാന്ത ഫിലിംസ് ആയിരുന്നു.

പിന്നീട് 'യൂത്ത് ഫെസ്റ്റിവല്‍' ആനന്ദഭൈരവി, അറബിക്കഥ, സുഭദ്രം, മലബാര്‍ വെഡ്ഡിംഗ്, 2 ഹരിഹര്‍ നഗര്‍, തത്വമസി, ബ്രഹ്‌മാസ്ത്രം, ബോംബെ മിട്ടായി, ബാല്യകാലസഖി, ദൈവത്തിന്റെ കയ്യൊപ്പ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. 2010ല്‍ 'ഹോളിഡേയ്‌സ്' എന്ന ചിത്രം സംവിധാനം ചെയ്തതും ഇദ്ദേഹമാണ്.

അറബിക്കഥയുടെ ദുബായ് ലൊക്കേഷനില്‍ വെച്ചാണ് ഇദ്ദേഹത്തെ ആദ്യമായി കാണുന്നതും പരിചപ്പെടുന്നതും, ആര്‍ട്ടിസ്റ്റുകള്‍ക്ക് ഡയലോഗുകള്‍ പഠിപ്പിക്കുക എന്നത് അറബിക്കഥയിലെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന എന്റെ ചുമതലയായിരുന്നു, ദിവസങ്ങളോളം അടുത്ത് ഇടപഴകുവാനും ആ സ്‌നേഹ വാത്സല്യം നുകരാനും സാധിച്ചിട്ടുണ്ട്, വളരെ രസകരമായിരുന്നു ആ ദിനങ്ങള്‍, തിരുവന്തപുരം ചിത്രാഞ്ജലിയില്‍ ഡബ്ബിങ്ങിന് ഭാര്യ ഇന്ദു ചേച്ചിയോടോപ്പമാണ് വന്നത്, പുതുതായി സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയില്‍ അസ്സോസിയേറ്റ് ഡയറക്ടറായി അവിടെ വെച്ച് എന്നെ വിളിച്ചു, എന്നാല്‍ അതേ സമയത്ത് തന്നെ ലാല്‍ ജോസ് സാറിന്റെ സിനിമ ഉണ്ടായിരുന്നത് കൊണ്ട് പോകാന്‍ സാധിച്ചില്ല. പ്രവാസി, വ്യവസായി, ചലച്ചിത്ര നിര്‍മാതാവ്, സിനിമാ വിതരണം, അഭിനേതാവ് എന്നിങ്ങനെ അറിയപ്പെടുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ എന്ന വലിയ ബിസിനസ്സുകാരന്‍ എത്രമാത്രം ലാളിത്യം നിറഞ്ഞവനും സാരസനുമായിരുന്നു എന്ന് ഞാന്‍ ഓര്‍ക്കുന്നു.

മലയാളസിനിമയുടെ യശ്ശസുയര്‍ത്തിയ നാഴികക്കല്ലുകളായ നിരവധി സിനിമകള്‍ നിര്‍മ്മിക്കുകയും മലയാളികള്‍ ഒരിക്കലും മറക്കാത്ത സിനിമകളുടെ ഭാഗമാവുകയും ചെയ്ത കലാസ്‌നേഹിയായ അറ്റ്‌ലസ് രാമചന്ദ്രന്‍ 'ജനകോടികളുടെ' മനസ്സില്‍ ബാക്കിയാവുന്നു. ആദരാഞ്ജലികള്‍!

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :