ലക്ഷ്മി പ്രിയയ്ക്കും ശ്വേതാ മേനോനുമെതിരെ നടി അൻസിബ ഹസൻ പൊലീസിൽ; ‘സ്ത്രീത്വത്തെ അപമാനിച്ചു, മ്ലേച്ഛമായ വ്യാജ വീഡിയോകൾ പ്രചരിപ്പിച്ചു'
നടിമാരായ ശ്വേതാ മേനോൻ, ലക്ഷ്മി പ്രിയ എന്നിവർക്കെതിരെ കൊച്ചിയിൽ പരാതി നൽകി അൻസിബ ഹസൻ. വ്യാജ വീഡിയോകൾ വഴി സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപണം.
മലയാള ചലച്ചിത്ര താരസംഘടനയായ അമ്മയിലെ (AMMA) ആഭ്യന്തര തർക്കങ്ങളും ചേരിപ്പോരും ഒടുവിൽ പോലീസ് സ്റ്റേഷനിലേക്ക്. മുൻ ഭാരവാഹികളായ നടി ലക്ഷ്മി പ്രിയ, ശ്വേതാ മേനോൻ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അൻസിബ ഹസൻ കൊച്ചി പാലാരിവട്ടം പൊലീസിൽ ഔദ്യോഗികമായി പരാതി നൽകി. സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ വ്യാജവും അശ്ലീലവും നിറഞ്ഞ വീഡിയോകൾ പ്രചരിപ്പിച്ചെന്നും, വ്യക്തിഹത്യ നടത്തി സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് അൻസിബയുടെ പരാതി.
തന്റെ അന്തസ്സിനെയും മര്യാദയെയും പൊതുമധ്യത്തിൽ തകർക്കാൻ ഇരുവരും ചേർന്ന് ആസൂത്രിതമായി ഗൂഢാലോചന നടത്തിയെന്നും അൻസിബ പരാതിയിൽ ആരോപിക്കുന്നു.
ലക്ഷ്മി പ്രിയയുടെ മുഖംമൂടി ആരോപണവും വിവാദവും
കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി ലക്ഷ്മി പ്രിയ അൻസിബയ്‌ക്കെതിരെ ഉന്നയിച്ച കടുത്ത വ്യക്തിപരമായ പരാമർശങ്ങളെ തുടർന്നാണ് അൻസിബയുടെ പരാതി.
ലക്ഷ്മി പ്രിയയുടെ വാക്കുകൾ: "ഞാൻ അൻസിബയ്ക്ക് മദ്യം വാങ്ങി നൽകിയിട്ടുണ്ട്. ഒരു ദിവസം രാത്രി അവരുടെ മുറിയിൽ ഒരു പുരുഷൻ മുഖം മറച്ച് എത്തിയിരുന്നു. അത് സ്വന്തം ആങ്ങളയാണെന്നാണ് അൻസിബ പറഞ്ഞത്. എന്നാൽ സ്വന്തം സഹോദരൻ എന്തിനാണ് മുഖം മറച്ചു വരുന്നത്? ചാനൽ പരിപാടിയുടെ പ്രൊഡ്യൂസറായ വ്യക്തി അൻസിബയുടെ റൂമിൽ വന്നിട്ടില്ല എന്ന് അവർ പരസ്യമായി തെളിയിക്കട്ടെ."
ഈ ആരോപണങ്ങൾ തനിക്കെതിരെ നടക്കുന്ന ബോധപൂർവ്വമായ വ്യക്തിഹത്യയാണെന്ന് അൻസിബ പരാതിയിൽ പറയുന്നു. കാൻ ചാനൽ മീഡിയ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ ലക്ഷ്മിപ്രിയ എന്ന സ്ത്രീ സുകുമാർ എന്നയാളുടെ സഹായത്തോടും പ്രേരണയോടും കൂടി സ്ത്രീത്വത്തെ അപമാനിക്കുന്നതും അശ്ലീലവും അസത്യവുമായ കാര്യങ്ങൾ പ്രചരിപ്പിച്ചെന്നാണ് പരാതി.
ജൂൺ 21-ന് നടന്ന അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ സാമ്പത്തിക അക്കൗണ്ടുകളിലെ സുതാര്യതക്കുറവും ആഭ്യന്തര തർക്കങ്ങളും മുൻനിർത്തി പ്രസിഡന്റ് ശ്വേതാ മേനോൻ ഉൾപ്പെടെയുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് കൂട്ടരാജിവെച്ച് പുറത്തുപോകേണ്ടി വന്നിരുന്നു. ഈ ഭരണപരമായ മാറ്റങ്ങൾക്ക് പിന്നാലെയുണ്ടായ വ്യക്തിപരമായ വൈരാഗ്യമാണ് തനിക്കെതിരെയുള്ള നീക്കങ്ങൾക്ക് പിന്നിലെന്ന് അൻസിബ ആരോപിക്കുന്നു.
പരാതി നൽകിയതിന് പിന്നാലെ അൻസിബ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പ് സിനിമാ ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്: ആദ്യം തന്നെ മേത്തച്ചിയാക്കി പിന്നീട് ജിഹാദിയാക്കി ഒറ്റപ്പെടുത്താൻ ശ്രമിച്ചെന്നും ഒരു ജനപ്രതിനിധി ഉൾപ്പെടുന്ന പ്രമുഖർ ഇതിന് കൂട്ടുനിന്നെന്നും അൻസിബ പറയുന്നു. മഹാനടൻ മുതൽ സഹപ്രവർത്തകർ വരെ തന്നെ തേജോവധം ചെയ്തെന്നും തളരരുതെന്ന് പറഞ്ഞ് ഒരു മുതിർന്ന നടന്റെ മകൻ സന്ദേശമയച്ചത് കരുത്തായെന്നും പോസ്റ്റിൽ അൻസിബ പറഞ്ഞിരുന്നു.