നിഹാരിക കെ.എസ്|
Last Modified ഞായര്‍, 1 ജൂണ്‍ 2025 (10:30 IST)
സിനിമാ മേഖലയിൽ നിന്നും കാസ്റ്റിങ് കൗച്ച് അനുഭവം നിരവധി നടിമാർ തുറന്നു പറഞ്ഞിരുന്നു. ആ ലിസ്റ്റിലേക്ക് നടി സുർവീൻ ചൗളയും. ഒന്നിലേറെ തവണ തനിക്ക് കാസ്റ്റിങ് കൗച്ച് അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി പറയുന്നു. ദ മെയിൽ ഫെമിനിസ്റ്റ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. സിനിമയുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് ശേഷം ഒരു സംവിധായകൻ തന്നെ ചുംബിക്കാൻ ശ്രമിച്ചുവെന്നും, മറ്റൊരിക്കൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരു സംവിധായകൻ കൂടെ കിടക്കാൻ ആവശ്യപ്പെട്ടെന്നും നടി പറഞ്ഞു.
മുംബൈയിലെ വീര ദേശായി റോഡിൽ വെച്ചാണ് ദുരനുഭവം ഉണ്ടായത്. സംവിധായകന്റെ ഓഫീസ് ക്യാബിനിൽവെച്ച് ഒരു മീറ്റിംഗ് നടന്നു. അതിനുശേഷം എന്നെ യാത്രയാക്കാൻ ഗേറ്റുവരെ അദ്ദേഹം വന്നു. കാര്യങ്ങൾ എങ്ങനെ പോകുന്നുവെന്നും എന്റെ ഭർത്താവ് എന്തു ചെയ്യുന്നുവെന്നും സംവിധായകൻ ചോദിച്ചു. ഇക്കാര്യങ്ങളെല്ലാം ക്യാബിനിൽവെച്ച് നേരത്തേതന്നെ സംസാരിച്ചതായിരുന്നു. വാതിലിനടുത്തെത്തിയപ്പോൾ അയാൾ എന്നെ ചുംബിക്കാൻ ശ്രമിച്ചു. എനിക്ക് അദ്ദേഹത്തെ തള്ളിമാറ്റേണ്ടി വന്നു. ഞാൻ ഞെട്ടിപ്പോയി, നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് ഞാൻ ചോദിച്ചു. എന്നിട്ട് ഞാൻ അവിടെ നിന്ന് ഇറങ്ങിപ്പോയി. വിവാഹശേഷമായിരുന്നു ഈ സംഭവം." സുർവീൻ പറഞ്ഞു.
ഒരു ദക്ഷിണേന്ത്യൻ സംവിധായകനിൽ നിന്നും മോശം അനുഭവമുണ്ടായെന്നും നടി വെളിപ്പെടുത്തി. ഷൂട്ടിങ് സമയത്ത് തനിക്കൊപ്പം കിടക്ക പങ്കിടണമെന്ന് ദക്ഷിണേന്ത്യൻ സംവിധായകൻ പറഞ്ഞെന്നായിരുന്നു നടി പറഞ്ഞത്, ഹിന്ദിയോ ഇംഗ്ലീഷോ സംസാരിക്കാൻ കഴിയാത്ത ആ സംവിധായകൻ പരിഭാഷകനെ ഉപയോഗിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതൊന്നും ഒറ്റപ്പെട്ട സംഭവമായിരുന്നില്ലെന്നും സുർവീൻ കൂട്ടിച്ചേർത്തു.
നേരത്തെ, ഒരഭിമുഖത്തിൽ, ഓഡിഷനുകൾക്കിടെ ബോഡി ഷേമിംഗിന് ഇരയായതിനെക്കുറിച്ചും സുർവീൻ ചൗള സംസാരിച്ചിരുന്നു. ഈ മേഖലയിലെ സ്ത്രീകൾ പലപ്പോഴും അനാവശ്യമായി വിലയിരുത്തപ്പെടുന്നുവെന്നാണ് അന്ന് സുർവീൻ പറഞ്ഞത്. രൂപത്തിന്റെ പേരിൽ സ്വയം മോശമായി തോന്നാൻ ഇത്തരം പ്രവണതകൾ ഇടയാക്കുന്നുവെന്നും അവർ പറഞ്ഞു.