"അമ്മാ സാരി മാറ്റുന്നത് പോലെയെന്ന് പറഞ്ഞാൽ എന്താ? ആ കുഞ്ഞിനോട് ഞാന്‍ എന്ത് പറഞ്ഞ് കൊടുക്കണം"; വിങ്ങലോടെ രേഖ

"ദൈവത്തെ ഓർത്ത് ഒരു നന്മയും ഞങ്ങൾക്ക് ചെയ്യണ്ട, പ്ലീസ് ജീവിക്കാന്‍ അനുവദിക്കൂ"

Rekha Ratheesh, actress Rekha Ratheesh, Cyber Bullying, pinarayi vijayan, രേഖ രതീഷ്, നടി രേഖ രതീഷ്, സൈബർ ഭീഷണി, പിണറായി വിജയൻ
രേണുക വേണു| Last Modified വ്യാഴം, 19 ഫെബ്രുവരി 2026 (10:23 IST)
Rekha Ratheesh
സൈബർ ബുള്ളിയിങിനെതിരെ കൊടുത്ത പരാതിയിൽ തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ച്
സീരിയൽ നടി രേഖ രതീഷ്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ പോയി നേരിട്ട് പരാതി നൽകിയ രേഖ തനിക്കെതിരെ വീഡിയോ പബ്ലിഷ് ചെയ്ത യൂട്യൂബ് ചാനലുകളുടെ പേരുകളും വെളിപ്പെടുത്തി. ഞാന്‍ നിങ്ങളോട് എന്ത് ചെയ്തിട്ടാ? സാരി മാറ്റുന്നത് പോലെയെന്ന് മകന്‍ ചോദിച്ചാല്‍ ഞാന് എന്ത് പറഞ്ഞ് കൊടുക്കണം. പ്ലീസ് ജീവിക്കാന്‍ അനുവദിക്കൂ എന്നും ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ രേഖ പറഞ്ഞു.

"എന്നെ സപ്പോര്‍ട്ട് ചെയ്ത എല്ലാ മനുഷ്യര്‍ക്കും ഒരായിരം നന്ദി ഞാന് രേഖപ്പെടുത്തുന്നു. ഇത്രയും പേര്‍ എനിക്ക് വേണ്ടി ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതല്ല. ഒരുപാട് സന്തോഷം തോന്നി. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ സാറിനും പ്രദീപ് സാറിനും ശശി സാറിനും പ്രത്യേകം നന്ദി അറിയിക്കുന്നു. ഇന്നലെ മൂന്ന് മണിക്ക് ഞാന്‍ സിഎം ഓഫീസില്‍ ചെന്നു. എന്‍റെ പരാതികള്‍ അവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ പ്രിയപ്പെട്ട യുട്യൂബേഴ്സ്. ഞാന്‍ എല്ലാ യുട്യൂബേഴ്സെന്നും പറഞ്ഞിട്ടില്ല. ഒരുകൂട്ടം യുട്യൂബേഴ്സ് എന്നാണ് പറഞ്ഞിരിക്കുന്നത്.

ആ നിമിഷം ആരോടെങ്കിലും പറഞ്ഞാല്‍ അമ്മയ്ക്ക് ആ പ്രഷര്‍ മാറുമെന്ന് മകന്‍ പറഞ്ഞപ്പോള്‍, എനിക്ക് ആരും ഇല്ലാത്തത് കൊണ്ട് പെട്ടെന്ന് എന്‍റെ മുന്നില്‍ വന്ന മുഖം മുഖ്യമന്ത്രിയുടേത് ആയിരുന്നു. അതെന്‍റെ അവസാന ഹോപ്പ് ആയിരുന്നു. അങ്ങനെയാണ് ഞാനത് ട്രൈ ചെയ്തത്. ഇന്‍സ്റ്റ​ഗ്രാം മുഖേനയാണോ ഇതൊക്കെ അറിയിക്കേണ്ടതെന്ന് പലരും ചോദിച്ചു. അങ്ങനെ അല്ലെന്ന് എനിക്കറിയാം. വര്‍ഷങ്ങളോളം കമ്മീഷണര്‍ ഓഫീസും പൊലീസ് സ്റ്റേഷനും കയറി ഇറങ്ങിയിട്ടുണ്ട്. അതുകൊണ്ടൊന്നും നേട്ടം ഉണ്ടായിട്ടില്ല.

ഇതെല്ലാം തള്ളിക്കളഞ്ഞ് ഞാന്‍ എന്‍റെ മകനുമായി ജീവിച്ച് പൊയ്ക്കോണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി എനിക്ക് താങ്ങാവുന്നതിനും അപ്പുറമായി കാര്യങ്ങള്‍. മറുനാടന്‍ മലയാളി, എബ ഡിബേറ്റ്, സിനി ലൈഫ് എന്നിവരാണ് എനിക്കെതിരെ വീഡിയോ ചെയ്തത്. ഇതില്‍ മറുനാടനും സിനി ലൈഫുമാണ് എനിക്കെതിരെ വിത്തുകള്‍ പാകിയത്. 14 വര്‍ഷം മുന്‍പ് ആത്മഹത്യയിലേക്ക് എന്നെ എത്തിച്ചതാണ്. വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത്.

എബ ഡിബേറ്റിലെ രണ്ട് പെണ്‍കുട്ടികള്‍ വന്നിരുന്ന് പറയുന്ന കാര്യങ്ങളും വാക്കുകളും നിങ്ങള് കണ്ടുനോക്കൂ. ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു അത്. ഞാനും മകനും വളരെയധികം വേദനിച്ച വീഡിയോ ആയിരുന്നു അത്. അതുപോലെ കക്കിരി ആന്‍റ് ഫാമിലി. ബ്രദറേ.. ഞാന്‍ നിങ്ങളോട് എന്ത് ചെയ്തിട്ടാ? എന്റെ മകൻ ഇൻസ്റ്റയിൽ കണ്ടിട്ട് എന്നോട് ചോദിക്കുകയാണ്, ‘അമ്മാ സാരി മാറ്റുന്നത് പോലെയെന്ന് പറഞ്ഞാൽ എന്താണെന്ന്’. ആ കുഞ്ഞിനോട് ഞാന്‍ എന്ത് പറഞ്ഞ് കൊടുക്കണം. ദൈവത്തെ ഓർത്ത് ഒരു നന്മയും ഞങ്ങൾക്ക് ചെയ്യണ്ട. പ്ലീസ് ജീവിക്കാന്‍ അനുവദിക്കൂ"- രേഖ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :