വിണ്ണൈത്താണ്ടി മലയാളം ഗാനങ്ങള്‍!

WEBDUNIA|
PRO
ഗൌതം വസുദേവ് മേനോന്‍ തമിഴിലെ ഹിറ്റ്മേക്കറാണ്. മലയാളത്തില്‍ ഒരു ചിത്രം ചെയ്യണമെന്ന ആഗ്രഹം കുറേക്കാലമായി മനസില്‍ സൂക്ഷിക്കുന്ന ആളാണ്. ഈ വര്‍ഷം ദിലീപിനെ നായകനാക്കി ഒരു സിനിമയെടുക്കാനുള്ള ആലോചനകളിലുമാണ്. അതിനു മുന്നോടിയായി രണ്ടു മലയാളം ഗാനങ്ങള്‍ തന്‍റെ പുതിയ ചിത്രമായ ‘വിണ്ണൈത്താണ്ടി വരുവായാ’യില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് ഗൌതം.

സാക്ഷാല്‍ എ ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കിയിരിക്കുന്ന ഈ ഗാനങ്ങളുടെ പിന്നണിയില്‍ മലയാളി സാന്നിധ്യം ഏറെയാണ്. ‘ഓമനപ്പെണ്ണേ...’ എന്നു തുടങ്ങുന്ന മലയാളം പാട്ട് പാടിയിരിക്കുന്നത് കല്യാണി മേനോനും ബെന്നി ദയാലും ചേര്‍ന്നാണ്. കല്യാണി മേനോന്‍ തന്നെയാണ് ഈ ഗാനത്തിന്‍റെ വരികള്‍ എഴുതിയിരിക്കുന്നത്.

‘ആരോമലേ...’ എന്നാരംഭിക്കുന്ന രണ്ടാമത്തെ ഗാനം മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകന്‍ അല്‍ഫോണ്‍സാണ് ആലപിക്കുന്നത്. ഈ ഗാനത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ഈ ഗാനം ഹിറ്റായാല്‍ പിന്നണിഗായകനായി ഒരു ട്രാക്കുമാറ്റം നടത്താന്‍ തന്നെയാണ് അല്‍‌ഫോണ്‍സിന്‍റെ തീരുമാനം.

യോദ്ധ, ദില്‍സേ എന്നീ സിനിമകള്‍ക്കു വേണ്ടി നേരത്തേ എ ആര്‍ റഹ്‌മാന്‍ മലയാളം ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഗൌതം മേനോനും റഹ്‌മാനും ഇതാദ്യമായാണ് ഒന്നിക്കുന്നത്. ഗൌതമിന്‍റെ ഇതുവരെയുള്ള എല്ലാ ചിത്രങ്ങള്‍ക്കും സംഗീതസംവിധാനം നിര്‍വഹിച്ചത് ഹാരിസ് ജയരാജായിരുന്നു. ചിലമ്പരശനും തൃഷയുമാണ് ‘വിണ്ണൈത്താണ്ടി വരുവായാ’യിലെ നായകനും നായികയും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :