പൃഥ്വിയെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്നത് കോമഡിച്ചിത്രം?

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
‘സിംഹാസനം‘ തകര്‍ന്നതോടെ ഇനി ആക്ഷന്‍ സിനിമകള്‍ വേണ്ടെന്ന് പ്രഖ്യാപിച്ച് ഷാജി കൈലാസ് കോമഡി സിനിമകളുടെ വഴികള്‍ തേടിയിരുന്നു. ജയറാമിനെ നായകനാക്കി ‘മദിരാശി’ എന്ന കോമഡിച്ചിത്രം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. സിനിമ ഉടന്‍ പ്രദര്‍ശനത്തിനെത്തും.

സിംഹാസനത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു എന്ന് നേരത്തേ മലയാളം വെബ്‌ദുനിയ റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ. പാതിവഴിയില്‍ നിര്‍ത്തിവച്ച ‘രഘുപതി രാഘവ രാജാറാം’ എന്ന സിനിമയുടെ നിര്‍മ്മാതാവ് പി കെ മുരളീധരനുവേണ്ടി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പൃഥ്വി നായകനാകുന്നത്. ഇത് ഒരു കോമഡിച്ചിത്രമായിരിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

‘രഘുപതി രാഘവ രാജാറാം’ മുടങ്ങിയതിന് ശേഷം പൃഥ്വിരാജ് ഡേറ്റ് നല്‍കുന്നില്ലെന്ന് കാണിച്ച് നിര്‍മ്മാതാവ് മുരളീധരന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ പരാതി നല്‍കിയിരുന്നു. താന്‍ അഭിനയിക്കാം എന്ന് പൃഥ്വി വാക്കുനല്‍കിയതോടെയാണ് പുതിയ പ്രൊജക്ട് രൂപപ്പെട്ടുതുടങ്ങിയത്.

‘രഘുപതി രാഘവ രാജാറാം’ എ കെ സാജന്‍റെ തിരക്കഥയായിരുന്നു. എന്നാല്‍ പുതിയ സിനിമയ്ക്ക് മറ്റൊരാളാകും തിരക്കഥ രചിക്കുക. ലോ ബജറ്റില്‍ ഒരുങ്ങുന്ന ഈ സിനിമ കുടുംബപ്രേക്ഷകരെ ലക്‍ഷ്യമിട്ടാണ് ഒരുങ്ങുന്നത്. ഷാജി കൈലാസും പൃഥ്വിരാജും നിര്‍മ്മാതാവും തിരക്കഥ വായിച്ച് ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ സിനിമയുടെ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുകയുള്ളൂ. നിര്‍മ്മാതാവിന് ഇനിയും ബാധ്യതയുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാണിത്.

പൃഥ്വി കരാറൊപ്പിട്ടിരിക്കുന്ന ഹിന്ദി, മലയാളം പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ ഈ സിനിമയുടെ ജോലികള്‍ ആരംഭിക്കുകയുള്ളൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :