ചൈനയും ‘ ജയ് ഹോ ’ പാടുന്നു

PRO
“ തുറന്നു പറയാമല്ലോ, എനിക്ക് ‘ ജയ് ഹോ’ എന്നു പറഞ്ഞാല്‍ അര്‍ത്ഥമെന്തെന്ന് അറിയില്ല. എന്നാല്‍, ആ ഗാനം എന്‍റെ മനസ്സ് കീഴടക്കിയിരിക്കുന്നു ” - ഓസ്കാര്‍ വിജയത്തിന് ഇന്ത്യന്‍ നിറം നല്‍കിയ ‘ ജയ് ഹോ ’ എന്ന ഗാനത്തെ കുറിച്ച് ഒരു ചൈനീസ് വിദ്യാര്‍ത്ഥിയുടെ പ്രതികരണമാണിത്.

വരികളുടെ അര്‍ത്ഥം വേര്‍തിരിക്കാന്‍ മനസ്സ് പരാജയപ്പെടുമ്പോഴും ‘ ജയ് ഹോ ’ എന്ന ഗാനത്തിന്‍റെ താളാത്മകമായ ഒഴുക്ക് അങ്ങേയറ്റം ആസ്വാദ്യകരമായാണ് തോന്നുന്നത് എന്ന് ദോംഗ് ഹുയി എന്ന ചൈനീസ് വിദ്യാര്‍ത്ഥിയാണ് പറഞ്ഞത്.

സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്‍റെ മാന്ത്രിക സംഗീത സ്പര്‍ശം ഇപ്പോള്‍ ശരാശരി ചൈനക്കാരുടെ ഹൃദയം കീഴടക്കി കഴിഞ്ഞു. ഇന്ത്യന്‍ കഥകള്‍ പറയുന്ന ചിത്രങ്ങള്‍ക്ക് സാധാരണ ഗതിയില്‍ ലഭിക്കാത്ത സ്വീകരണമാണ് ‘ സ്ലം ഡോഗ് മില്യനര്‍ക്ക്’ ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നത്.

ഡാനി ബോയല്‍ എന്ന ബ്രിട്ടീഷുകാരന്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ മണമുള്ള കഥ ഇപ്പോള്‍ ചൈനയിലെ തിയേറ്ററുകള്‍ നിറഞ്ഞ് ഓടുകയാണ്. ശരാശരി ചൈനക്കാരന് ഈ ചിത്രം മനസ്സില്‍ തട്ടുമെന്നാണ് സ്ലംഡോഗ് കണ്ടിറങ്ങിയവര്‍ പ്രതികരിച്ചത്.

എട്ട് ഓസ്കറുകള്‍ ഏഷ്യയിലേക്ക് കൊണ്ടുവന്ന ചിത്രം എന്ന നിലയിലും സ്ലം ഡോഗിന് ചൈനയില്‍ മികച്ച പ്രതികരണം ലഭിക്കുന്നു. ചേരിയിലെ കുട്ടികളുടെ കഥ പറയുന്ന ചിത്രത്തിന്‍റെ ഒരു പരസ്യപ്പലകയില്‍ ഇങ്ങനെ ചോദിച്ചിരിക്കുന്നു, “ നഷ്ടപ്പെട്ട സ്നേഹം തിരിച്ചു കിട്ടാന്‍ എന്താണ് വേണ്ടത് - പണം, ഭാഗ്യം, ശക്തി, വിധി ? .” ഇതെ കുറിച്ച് ഴാംഗ് എന്നയാള്‍ പ്രതികരിച്ചത് ഈ നാല് കാര്യങ്ങളും വേണമെന്നായിരുന്നു.

സിനിമ കണ്ടവര്‍ക്ക് ഇതെ കുറിച്ച് ചോദിക്കാനേറെ. ഇത്തരത്തില്‍ ഒരു ടി വി ഷോ ഇന്ത്യയില്‍ ഉണ്ടോ? അമിതാഭും ഷാരൂഖും ഇത്തരത്തിലുള്ള പരിപാടികള്‍ അവതരിപ്പിക്കുന്നു എന്ന മറുപടി അവരില്‍ മറ്റൊരു ചോദ്യം കൂടി ഉയര്‍ത്തുന്നു, രണ്ട് ദശലക്ഷം ഇന്ത്യന്‍ രൂപ എന്ന് പറയുന്നത് വലിയൊരു തുകയല്ലേ !

ആഷിനും പ്രീതി സിന്‍റയ്ക്കും ചൈനയില്‍ ആരാധകര്‍ കുറവല്ല. പരസ്യങ്ങളിലും സിനിമകളിലും അവര്‍ ചൈനക്കാര്‍ക്ക് സുപരിചിതരാണ്.
PRATHAPA CHANDRAN|ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :