അരപ്പള്ളി ചരിത്രത്തിന്‍റെ തിരുശേഷിപ്പ്

WEBDUNIA|

യേശുകൃസ്തുവിന്‍റെ ശിഷ്യന്‍‌മാരില്‍ ഒരാളായ മാര്‍ത്തോമ ശ്ലീഹ ക്രിസ്തുവര്‍ഷം 63 ല്‍ സ്ഥാപിച്ച ഏഴരപ്പള്ളികളില്‍ ഒന്നാണ് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള തിരുവിതാംകോട് സെന്‍റ് മേരീസ് പള്ളി. കാലപ്പഴക്കം കൊണ്ട് വലിയ കോട്ടം വരാത്ത രീതിയില്‍ പഴമയുടെ മുദ്രയും പേറി നില്‍ക്കുന്ന അപൂര്‍വം ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഒന്നാണിത്.

ഈ പള്ളി തീര്‍ത്ഥാടന കേന്ദ്രമാക്കി ഭക്തജനങ്ങള്‍ക്ക് തുറന്നു കൊടുക്കുകയും അതോടൊപ്പം വന്‍ തുക ചെലവഴിച്ച് ചരിത്ര സ്മാരകം എന്ന നിലയില്‍ അതിനെ നിലനിര്‍ത്തുകയും ചെയ്യാനാണ് മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ സഭയുടെ തീരുമാനം.

തിരുവിതാംകോട് 25 സെന്‍റ് ഭൂമിയിലാണ് പള്ളി നില്‍ക്കുന്നത്. കരിങ്കല്ലില്‍ തീര്‍ത്ത ചുമരും മേല്‍ക്കൂരയും പള്ളിയുടെ പഴമ വിളിച്ചറിയിക്കുന്നു. 25 അടി നീളവും 16 അടി വീതിയും 10 അടി മാത്രം ഉയരവും ഉണ്ടായിരുന്ന പള്ളി അല്‍പ്പ വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിഷ്കരിച്ചിരുന്നു. ഹൈക്കല ഭാഗത്ത് ചെറിയ മാറ്റങ്ങള്‍ വരുത്തി. പ്രധാന വാതില്‍ 10 അടി പിന്നോട്ട് മാറ്റി. ചുവരുകളിലെ കിളിവാതിലും കൊത്തുപണികളും കരിങ്കല്‍ മേല്‍ക്കൂരയും ജെറുസലേം ദേവാലയത്തിന്‍റെ മേല്‍ക്കൂരയുമായി സാമ്യമുള്ളതാണ്.

ഭിത്തിയില്‍ കുരിശടയാളം അല്ലാതെ യേശുവിന്‍റെയോ ശിഷ്യന്‍‌മാരുടെയോ രൂപങ്ങളില്ല. ഇതിനര്‍ഥം ക്രിസ്തീയ സഭകളുടെ ആരാധനാ ക്രമങ്ങളും ആചാരാനുഷ്ഠാനങ്ങളും രൂപപ്പെടുന്നതിന് മുമ്പ് പള്ളി ഉണ്ടായിരുന്നു എന്നാണ്.

കല്ലില്‍ തീര്‍ത്ത മാമോദീസ തൊട്ടിയില്‍ ചിത്രപ്പണികളോടു കൂടിയ പീഠവും പിന്നീട് വന്ന പോര്‍ച്ചുഗീസുകാരുടെ സംഭാവനയായാണ് കണക്കാക്കിയിരുന്നത്. പത്രോശ്ലീഹയുടെയും പൌലോശ്ലീഹയുടെയും ചിത്രങ്ങളാണ് ഇതില്‍ കാണാവുന്നത്. എന്നാല്‍ പീഠത്തില്‍ കാണുന്ന ലിപി ലാറ്റിനോ പോര്‍ച്ചുഗീസോ അല്ല. അത് ഏത് ഭാഷയാണെന്ന് തിട്ടപ്പെടുത്തിയിട്ടില്ല.

പതിനെട്ടാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഡച്ച് ഗവര്‍ണ്ണറായിരുന്ന കാര്‍ലോസ് കാഫ് തോമാശ്ലീഹ സ്ഥാപിച്ച പള്ളികളില്‍ തിരുവിതാംകോട് പള്ളി ഉള്‍പ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഉദയം‌പേരൂര്‍ സുന്നഹദോസിന്‍റെ കാനനുകളിലും തിരുവിതാംകോട്ടെ തോമാ ക്രിസ്ത്യാനികളെ കുറിച്ച് പരാമര്‍ശമുണ്ട്.

എമിങ്ങാനയുടെ ഏര്‍ലി സ്‌പ്രെഡ് ഓഫ് ക്രിസ്ത്യാനിറ്റി ഇന്‍ ഇന്ത്യ എന്ന പുസ്തകത്തില്‍ തോമശ്ലീഹ മൈലാപ്പൂരില്‍ നിന്ന് തിരുവിതാംകോട് വന്നതായി പറയുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :