രോഹിത് ഷെട്ടി, നൂറുകോടിയുടെ കിരീടം വയ്ക്കാത്ത രാജാവ്!
WEBDUNIA|
PRO
ഷാരുഖ് ഖാന്‍റെ പുതിയ ചിത്രം ‘ചെന്നൈ എക്സ്പ്രസ്’ കളക്ഷനില്‍ റെക്കോര്‍ഡുകളെല്ലാം ഭേദിക്കുകയാണ്. റിലീസായി നാലുനാള്‍ കൊണ്ട് 100 കോടി കളക്ഷന്‍ നേടിയ സിനിമ 200 കോടി എന്ന നാഴികക്കല്ലിലേക്ക് കുതിക്കുന്നു. രോഹിത് ഷെട്ടി സംവിധാനം ചെയ്ത ഈ ചിത്രം എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു മാസ് മസാല എന്‍റര്‍ടെയ്നറാണ്.
ഷാരുഖ് ഖാന്‍ വീണ്ടും വിജയവഴിയിലേക്ക് എത്തിയതാണ് ഈ മെഗാഹിറ്റിന്‍റെ ഏറ്റവും വലിയ സവിശേഷതയെങ്കിലും അതിനേക്കാള്‍ ശ്രദ്ധേയമായ മറ്റൊരു കാര്യമുണ്ട്. രോഹിത് ഷെട്ടി എന്ന സംവിധായകന്‍ 100 കോടി ക്ലബ് എന്നത് തന്‍റെ ശീലമാക്കി മാറ്റിയിരിക്കുന്നു. രോഹിത് ഷെട്ടിയുടെ തുടര്‍ച്ചയായ നാലാം ശതകോടി നേട്ടമാണിത്.
രോഹിത് ഷെട്ടിയുടെ കഴിഞ്ഞ ചിത്രങ്ങളായ ഗോല്‍മാല്‍ 3, സിങ്കം, ബോല്‍ ബച്ചന്‍ എന്നീ സിനിമകള്‍ തുടര്‍ച്ചയായി 100 കോടി ക്ലബില്‍ അംഗത്വം ലഭിച്ചതിന് ശേഷമായിരുന്നു ചെന്നൈ എക്സ്പ്രസിന്‍റെ വരവ്. ആ സിനിമയും നൂറുകോടി കടന്നുകുതിക്കുന്നതോടെ ശതകോടി സിനിമകളുടെ കിരീടംവയ്ക്കാത്ത രാജാവായി രോഹിത് ഷെട്ടി മാറിയിരിക്കുകയാണ്.
70 കോടി രൂപയാണ് ചെന്നൈ എക്സ്പ്രസിന്‍റെ ചെലവ്. പെയ്ഡ് പ്രിവ്യൂ വഴി ആറേമുക്കാല്‍ കോടി രൂപയാണ് ചെന്നൈ എക്സ്പ്രസ് സമ്പാദിച്ചത്. റിലീസിന്‍റെ ആദ്യ ദിവസം 33.12 കോടിയും രണ്ടാം ദിനം 28.05 കോടിയും മൂന്നാം ദിവസം 32.50 കോടിയും സിനിമ നേടി. നാലുനാളുകള്‍ കൊണ്ട് 100.42 കോടിയുടെ മെഗാവിജയം!
ഈ തുടരന്‍ വിജയത്തോടെ എഴുപതുകളിലെയും എണ്‍പതുകളിലെയും മെഗാ ഡയറക്ടറായിരുന്ന മന്‍മോഹന്‍ ദേശായിയോടാണ് രോഹിത് ഷെട്ടിയെ ബോളിവുഡ് ഉപമിക്കുന്നത്. “ചെന്നൈ എക്സ്പ്രസിന്‍റെ വിജയത്തിന്‍റെ ക്രെഡിറ്റ് ഷാരുഖിനും എന്‍റെ ടീമിനുമാണ്” - വിജയത്തിളക്കത്തിലും രോഹിത് ഷെട്ടി വിനയാന്വിതനാകുന്നു.
“രോഹിത് ഷെട്ടിയുടെ സിനിമകള്‍ നിരൂപകര്‍ക്കും വിമര്‍ശകര്‍ക്കും ദഹിക്കണമെന്നില്ല. ആ സിനിമകള്‍ മാസിന് വേണ്ടിയാണ്. അവയിലെ ചിരിയും ആക്ഷനും മസാല എലമെന്‍റുകളും പ്രേക്ഷകര്‍ ആസ്വദിക്കുന്നു” - ബോളിവുഡ് ട്രേഡ് പണ്ഡിറ്റുകള്‍ വിലയിരുത്തുന്നു.