മധു: നടന നിറവിന്‍റെ മധുരം

madhu
FILEFILE
പ്രണയം വിങ്ങുന്ന നെഞ്ചുമായി പാടിപ്പോകുന്ന പരീക്കുട്ടി, മൂടുപടത്തിലെ കൊച്ചുകുഞ്ഞ്, ഭാര്‍ഗവീ നിലയത്തിലെ സാഹിത്യകാരന്‍, ഓളവും തീരവും മലയാളത്തിനു തന്ന അബ്ദു...

കഥാപാത്രങ്ങളുടെ പട്ടിക നീളുകയാണ്. ഭാവസൗന്ദര്യവും കരുത്തും സമന്വയിപ്പിച്ച നടന നിറവാണ് മധു എന്ന നടനെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്.

മൂടുപടം എന്ന ചിത്രത്തിലെ താറാവുകാരന്‍ കൊച്ചുകുഞ്ഞ് എന്ന കഥാപാത്രത്തിലൂടെ സിനിമാ ജീവിതം തുടങ്ങിയ മധു മുന്നൂറിലധികം സിനിമകളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ജീവിച്ചു. മധുവിന്‍റെ ഏറ്റവും ശ്രദ്ധേയമായ 10 സിനിമകള്‍ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ പ്രേക്ഷകര്‍ കുഴങ്ങുന്നതും വ്യത്യസ്തതയുടെ ഈ അപാരത തന്നെ.

കള്ളച്ചെല്ലമ്മ, ഉമ്മാച്ചു, തുലാഭാരം, ചെമ്മീന്‍, അശ്വമേധം, സ്വയംവരം, ഭാര്‍ഗവീ നിലയം, ഓളവും തീരവും, പ്രിയ, സര്‍പ്പക്കാവ് തുടങ്ങിയവ പ്രേക്ഷകന്‍റെ മനസില്‍ വേഗത്തില്‍ ഓടിക്കയറിയ മധുചിത്രങ്ങളാണ്.

മതത്തിന്‍റെ വേലിക്കെട്ടുകള്‍ തകര്‍ക്കുന്ന പ്രണയമായിരുന്നു ആദ്യ ചിത്രമായ മൂടുപടത്തിന്‍റെ പ്രമേയം. പിന്നീടെത്തിയ നിണമണിഞ്ഞ കാല്പാടുകള്‍ എന്ന ചിത്രത്തോടെയാണ് മധു ശ്രദ്ധേയനാകുന്നത്. ആദ്യ കിരണങ്ങള്‍, അമ്മയെക്കാണാന്‍, മണവാട്ടി തുടങ്ങിയ ആദ്യകാല ചിത്രങ്ങള്‍ തന്നെ മധുവിന് നേട്ടമായി മാറി.

അന്തഃസംഘര്‍ഷങ്ങള്‍ പേറുന്ന കഥാപാത്രമായി കുട്ടിക്കുപ്പായം എന്ന ചിത്രത്തില്‍ നല്‍കിയ പ്രകടനം മധു എന്ന അഭിനേതാവിന്‍റെ റെയ്ഞ്ച് മനസിലാക്കിത്തരുന്നു.

ഭാര്‍ഗവിക്കുട്ടിയുടെ പ്രേതവുമായി സല്ലപിക്കുന്ന ഭാര്‍ഗവീ നിലയത്തിലെ സാഹിത്യകാരന്‍ മധുവിന്‍റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. വൈക്കം മുഹമ്മദ് ബഷീറിനെ ഓര്‍മ്മിപ്പിക്കുന്ന ആ കഥാപാത്രം ഗ്രാമഫോണും, സൈക്കിളും തൂവെള്ള വസ്ത്രങ്ങളുമൊക്കെയായി ഭാര്‍ഗവീ നിലയത്തില്‍ കുടിയേറി സോജാ രാജകുമാരി കേട്ടുറങ്ങുന്ന കാഴ്ച മലയാളി ഒരിക്കലും മറക്കുകയില്ല.

സുബൈദ എന്ന ചിത്രത്തിലെ ഡോ. അഹമ്മദാണ് മധുവിന്‍റെ എണ്ണപ്പെട്ട മറ്റൊരു കഥാപാത്രം. മലയാളത്തിലെ സാഹിത്യകാരന്മാരുടെ ഒട്ടേറെ കൃതികള്‍ സിനിമയാക്കിയപ്പോള്‍ കൂടുതലും നായകവേഷങ്ങള്‍ കയ്യാളിയത് മധുവാണ്. ഭാര്‍ഗവീ നിലയം, ചെമ്മീന്‍, ഏണിപ്പടികള്‍ എന്നിവയാണ് ഏറ്റവും നല്ല ഉദാഹരണങ്ങള്‍.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :