ബിഗ് ബ്രദര്‍ റിയാലിറ്റി ഷോയില്‍ ശില്‍പഷെട്ടിയെ വംശീയമായി അധിക്ഷേപിച്ചെന്ന ആരോപണത്തോടെയാണ് ഗൂഡി ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് പരിചിതയാവുന്നത്. “ശില്‍പാ ഷെട്ടിയെ അധിക്ഷേപിച്ചതില്‍ ഖേദമുണ്ട്, അതില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു“ - ഗൂഡി പറയുന്നു. വംശീയ വിദ്വേഷം തന്‍റെ രക്തത്തില്‍ ഇല്ലെന്ന് പലതവണ അവര്‍ ആണയിട്ടു. എങ്കിലും ഇന്ത്യയില്‍ ഒരു തെമ്മാടി സ്ത്രീയുടെ പരിവേഷമാണ് ഗൂഡിക്ക് അടുത്ത കാലം വരെ കിട്ടിക്കൊണ്ടിരുന്നത്.
മരണത്തിനു മുമ്പെ തന്‍റെ കാമുകന് വരണമാല്യം അണിയിക്കാനുള്ള ആഗ്രഹം അവള്‍ വെളിപ്പെടുത്തി. അങ്ങനെയാണ് ലണ്ടനിലെ ഹോട്ടലില്‍ നടന്ന ആഡംബര ചടങ്ങില്‍ ജാക്ക് ട്വീഡിനെ ഗൂഡി വിവാഹം കഴിച്ചു. വല്ലാത്തൊരു വൈകാരികതയായിരുന്നു ഗൂഡിയുടെ മുഖത്ത് അന്ന് പ്രകടമായത്. തന്‍റെ രോഗത്തെക്കുറിച്ച് അവര്‍ മറന്നുപോയതു പോലെ! കുഞ്ഞുങ്ങളെപ്പോലെ പൊട്ടിച്ചിരിക്കുകയായിരുന്നു അവര്‍.
തന്‍റെ അവസാന നിമിഷങ്ങളില്‍ ഗൂഡി കാണിച്ച പോരാട്ട വീര്യം ഡോക്ടര്‍മാരെപ്പോലും അദ്ഭുതപ്പെടുത്തി. ഗൂഡിയുടെ ആത്മധൈര്യമാണ് അവരുടെ ജീവിതം ഇത്രയും നീട്ടിയതെന്ന് ഗൂഡിയുടെ ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നു.
ജീവിതം മുഴുവന്‍ ക്യാമറയ്ക്ക് മുന്നില്‍ ചെലവഴിക്കണമെന്നും മരണം പോലും ക്യാമറയില്‍ പകര്‍ത്തണമെന്നുമുള്ള ഗൂഡിയുടെ ആഗ്രഹം ആദ്യം വിവദമുയര്‍ത്തിയെങ്കിലും പിന്നീട് അനുവദിക്കപ്പെടുകയായിരുന്നു. ഗൂഡിയുടെ മരണദൃശ്യങ്ങള്‍ പ്രക്ഷേപണം ചെയ്യാന്‍ ലിവിംഗ് ടെലിവിഷനാണ് അനുമതി നല്‍കിയത്.