മലയാളികളോട് സമുദ്രക്കനി പറഞ്ഞത്

PROPRO
‘സുബ്രഹ്മണ്യപുരം’ എന്ന സിനിമയില്‍ വില്ലന്‍ വേഷം ചെയ്ത് മലയാളികള്‍ക്ക് പ്രിയങ്കരനായ സമുദ്രക്കനി തന്റെ സംവിധാന സം‌രം‌ഭമായ ‘നാടോടികളെ’പ്പറ്റി തിരുവനന്തപുരം പ്രസ് ക്ലബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിച്ചു. മലയാളി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ ഗൌരവതരമായ മറുപടികള്‍ നല്‍‌കിയാണ് സമുദ്രക്കനി നേരിട്ടത്. മുഖാമുഖത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ -

‘കമ്പനി പ്രൊഡക്ഷന്റെ രണ്ടാമത്തെ ചിത്രമാണ്‌ ‘നാടോടികള്‍’. ‘സുബ്രഹ്മണ്യപുരം’ ആയിരുന്നു ആദ്യ സിനിമ. അവാര്‍ഡിന് വേണ്ടിയല്ല ഞങ്ങള്‍ സിനിമയെടുക്കുന്നത്. സൗഹൃദക്കൂട്ടായ്‌മകളില്‍ നിന്നുണ്ടാകുന്ന സിനിമകള്‍ക്ക്‌ പ്രേക്ഷകര്‍ നല്‍കുന്ന അംഗീകാരമാണ്‌ യഥാര്‍ഥ പുരസ്‌കാരമെന്നാണ് എന്റെ അഭിപ്രായം.’

‘സുബ്രഹ്മണ്യപുരം എന്ന സിനിമയെ മലയാളികള്‍ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ‘നാടോടികള്‍’ എന്ന സിനിമ നിങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുന്നതില്‍ എനിക്കേറെ സന്തോഷമുണ്ട്.’

‘നാടോടികള്‍ സത്യത്തില്‍ ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ ദൃശ്യാവിഷ്കാരമാണ്. എന്റെ സുഹൃത്തിന്‍റെ ജീവിതത്തില്‍ നടന്ന കാര്യങ്ങള്‍ ഒരു മാറ്റവുമില്ലാതെയാണു സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഒട്ടും പൊടിപ്പും തൊങ്ങലും ചേര്‍ത്തിട്ടില്ല.’

‘എത്രമാത്രം ആഴമുള്ളതാണ് ഇന്ത്യന്‍ സംസ്കാരം. എന്നാല്‍ നാമെല്ലാവരും വിദേശ സംസ്കാരത്തിന് പിന്നാലെ പോവുകയും ചെയ്യുന്നു. വിദേശികള്‍ ഇന്ത്യയുടെ സംസ്കാരത്തിന്‍റെ അനുഭാവികളാകുമ്പോള്‍ നമ്മള്‍ വിദേശ സംസ്കാരത്തിനു പിറകേ പോകുന്നതില്‍ സങ്കടപ്പെട്ടാണു നാടോടികള്‍ നിര്‍മിച്ചത്.’

‘2003 -ല്‍ കഥ പൂര്‍ത്തിയായി. എന്നാല്‍, കഥ അംഗീകരിക്കുന്ന ഒരു നിര്‍മ്മാതാവിനുവേണ്ടി 2009 വരെ കാത്തിരിക്കേണ്ടിവന്നു. സൂപ്പര്‍സ്റ്റാറുകള്‍ അടക്കം പലരെയും കഥയുമായി സമീപിച്ചെങ്കിലും അവര്‍ കഥ മാറ്റി എഴുതാനാണ് ആവശ്യപ്പെട്ടത്. അങ്ങനെ സൂപ്പര്‍‌സ്റ്റാറുകള്‍ക്ക് വേണ്ടി കഥ മാറ്റിയെഴുതാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. തുടര്‍ന്നാണ് ‘സുബ്രഹ്മണ്യപുരം’ എന്ന സിനിമയുടെ സംവിധായകനായ ശശികുമാറിനെ നായകനാക്കാന്‍ തീരുമാനിച്ചത്.’

‘നാടോടികളില്‍ പുതുമുഖങ്ങളെ അഭിനയിപ്പിക്കാമെന്ന് ശശികുമാറിന്റെ നിര്‍ദേശമായിരുന്നു. അങ്ങനെയാണ് ഒട്ടേറെ പുതുമുഖങ്ങളെ ഞങ്ങള്‍ നാടോടികളിലൂടെ ക്യാമറയ്ക്ക് മുന്നില്‍ എത്തിക്കുന്നത്. മലയാളിയായ അനന്യ, മലേഷ്യയില്‍നിന്നുള്ള ശാന്തിനിദേവ, ജന്മനാ ബധിരയും മൂകയുമായ ഹൈദരാബാദ്‌ നിവാസി എന്നിവര്‍ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ധരണി, വിജയ്‌ തുടങ്ങിയ പുതുമുഖനായകരും നാടോടികളില്‍ അഭിനയിക്കുന്നുണ്ട്.’

‘പ്രചാരണവും വിതരണവുമുള്‍പ്പെടെ 7.4 കോടി രൂപയാണ് സിനിമയ്ക്ക് ചെലവായത്. തമിഴ്‌നാട്ടില്‍ നാടോടികള്‍ നന്നായി ഓടുന്നുണ്ട്. പല ഭാഷയില്‍ നിന്നുള്ള നിര്‍മാതാക്കളും സംവിധായകരും നാടോടികളെ അവരുടെ ഭാഷയില്‍ എടുക്കണമെന്ന് പറഞ്ഞ് സമീപിക്കുകയുണ്ടായി. എന്തായാലും ഹിന്ദിയിലും തെലുങ്കിലും കന്നഡയിലും നാടോടികളുടെ റീമേക്ക് ഉണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്.’

‘ബധിരയും മൂകയുമായ അഭിനയയെ നാടോടികളിലൂടെ നായികയായി അവതരിപ്പിക്കാനായതില്‍ അഭിമാനമുണ്ട്. സണ്‍ ടി.വിയില്‍ മസ്‌താന മസ്‌താന എന്ന റിയാലിറ്റി ഷോയില്‍ തിളങ്ങിയ അഭിനയ മോഡലായി അഭിനയിച്ചതിന്റെ ഫോട്ടോ കണ്ടാണ്‌ ഞാന്‍ അഭിനയയെ തേടിയെത്തിയത്‌. അപ്പോഴാണറിയുന്നത്‌ അഭിനയ സംസാരിക്കില്ല, കേള്‍ക്കുകയുമില്ല എന്ന്‌. പക്ഷേ അഭിനയയുടെ ആത്‌മവിശ്വാസം കണ്ടപ്പോള്‍ ഞാനവളെ നാടോടികളിലെ നായികയാക്കി.’

‘സംസാരിക്കാനറിയാത്ത അഭിനയ സിനിമയില്‍ തമാശകള്‍ പറഞ്ഞു ചിരിച്ചു, തീവ്രമായ അഭിനയ മുഹൂര്‍ത്തങ്ങളില്‍ അലറിവിളിച്ചു കരഞ്ഞു. ശബ്‌ദമില്ലാതെ തമിഴ്‌ ഡയലോഗുകള്‍ ഇംഗ്ലീഷ്‌ അക്ഷരങ്ങളില്‍ എഴുതി നല്‍കി ആ ഡയലോഗിന്റെ ചുണ്ടനക്കം അമ്മയില്‍ നിന്നു കണ്ട്‌ മനസ്സിലാക്കിയാണ്‌ അഭിനയ കാമറയ്ക്കുമുന്നില്‍ എത്തിയിരുന്നത്‌. വൈകല്യങ്ങളെ അതിജീവിച്ചു ചിത്രത്തില്‍ ഉജ്വല പ്രകടനം കാഴ്ച വച്ച അഭിനയ എന്ന പത്താം ക്ലാസുകാരി നായികയിപ്പോള്‍ എല്ലാവരുടെയും അഭിനന്ദനം പിടിച്ചു പറ്റിയിരിക്കുകയാണ്.’

WEBDUNIA|
നാടോടികളില്‍ അഭിനയിച്ച അനന്യ, അഭിനയ, അഭിനയയുടെ അമ്മ ഹേമലത, ചാന്ദ്‌നി, വിജയ്, ഭരണി, നിര്‍മാതാവ് നമോനാരായണന്‍ എന്നിവരും മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :