മമ്മൂട്ടി പറഞ്ഞതുതന്നെ ഷാരൂഖ് ഖാന്‍ പറഞ്ഞു

WEBDUNIA|
PRO
PRO
രാജ്യത്തിന് അകത്തും പുറത്തും ചര്‍ച്ച ചെയ്യപ്പെടുന്നത് ഹിന്ദി സിനിമകള്‍ മാത്രമാണെന്നും പ്രാദേശിക സിനിമകള്‍ കൊണ്ടുവരുന്ന വിപ്ലവങ്ങള്‍ മാധ്യമങ്ങള്‍ കാണാതെ പോകുന്നുവെന്നുമുള്ള ആരോപണത്തിന് ഏറെ പഴക്കമുണ്ട്. ഇന്ത്യന്‍ സിനിമയെന്നാല്‍ ഹിന്ദി സിനിമയാണെന്ന ധാരണ അബദ്ധമാണെന്ന് അഭിനയ ചക്രവര്‍ത്തിയായ അമിതാഭ് ബച്ചന്‍ വേദിയിലിരിക്കുമ്പോള്‍ ഒരിക്കല്‍ മമ്മൂട്ടി തുറന്നടിക്കുകയുണ്ടായി. ഇപ്പോഴിതാ കിംഗ് ഖാനും ഇതേ അഭിപ്രായം പറഞ്ഞിരിക്കുന്നു.

സ്വപ്‌നനക്ഷത്രഹോട്ടലായ കൊല്ലത്തെ ദ റാവിസിന്റെ ഉദ്ഘാടനത്തിന്‌ ഷാരൂഖ്ഖാന്‍ എത്തിയപ്പോള്‍ സംഘടിപ്പിച്ച ‘മീറ്റ് ദ പ്രസ്’ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് മമ്മൂട്ടിയുടെ അഭിപ്രായം ഷാരൂഖ് ഖാനും പങ്കുവച്ചത്.

“ഇന്ത്യന്‍ സിനിമ എന്നു പറയുന്നത്‌ ബോളിവുഡ്‌ മാത്രമാണെന്ന വാദം ഞാന്‍ അംഗീകരിക്കില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമ പ്രവര്‍ത്തകരുള്ളത്‌ മലയാളത്തിലാണ്‌. മുകേഷ്‌ എന്ന നല്ലൊരു നടനെ ഇവിടെ വന്നപ്പോള്‍ പരിചയപ്പെടാന്‍ സാധിച്ചു. തമിഴിലാണെങ്കില്‍ രജനികാന്ത്‌, തെലുങ്കിലും കന്നടത്തിലും പ്രതിഭാധനന്മാരായ ധാരാളം നടന്മാര്‍ തീര്‍ച്ചയായും ഉണ്ടാവും. മലയാളത്തില്‍ നിന്ന്‌ എത്രയോ സിനിമകള്‍ ഹിന്ദിയിലെടുക്കുന്നു.”

“ഇന്ത്യന്‍ സിനിമ എന്നു പറയുന്നത്‌ ബോളിവുഡ്‌ മാത്രമാണെന്ന പ്രചാരണം പിന്നെ എങ്ങനെ അംഗീകരിക്കാന്‍ കഴിയും. മലയാളത്തില്‍ കൊമേഴ്‌സ്യല്‍ സിനിമകള്‍ക്കൊപ്പം സമാന്തര ചലച്ചിത്രങ്ങളും പുറത്തിറങ്ങുന്നുണ്ട്‌ എന്നാണ്‌ അറിയാന്‍ കഴിയുന്നത്‌.”

“മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്‌. കേരളത്തില്‍ നിന്ന് എനിക്ക്‌ ധാരാളം സുഹൃത്തുക്കളുണ്ട്‌. സന്തോഷ്‌ ശിവനും സാബു സിറിളും എന്റെ കമ്പനിയില്‍ വര്‍ക്ക്‌ ചെയ്‌തിട്ടുണ്ട്‌. മലയാള സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്‌. മലയാളത്തില്‍ അഭിനയിക്കുന്നത്‌ കാണാന്‍ നിങ്ങളെപ്പോലെ ഞാനും കാത്തിരിക്കുകയാണ്‌” - ഷാരൂഖ് പറയുന്നു.

മലയാളി താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്ക് 30 കോടിയുടെ അനധികൃത സമ്പാദ്യമുണ്ടെന്ന്‌ കണ്ടെത്തിയ കാര്യം മാധ്യമപ്രവര്‍ത്തകര്‍ ഷാരൂഖിനെ അറിയിക്കുകയുണ്ടായി. ഷാരൂഖ് കൃത്യമായി നികുതി അടയ്ക്കുന്നുണ്ടോ എന്നാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയിയേണ്ടിയിരുന്നത്.

“ചില ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയാന്‍ എനിക്കിത്തിരി ബുദ്ധിമുട്ടാണ്. മമ്മൂട്ടി സാബിന്റെയും മോഹന്‍ലാല്‍ജിയുടെയും വീടുകളില്‍ ആദായനികുതി വകുപ്പ്‌ അധികൃതര്‍ നടത്തിയ പരിശോധനകളക്കുറിച്ച്‌ ഞാനും വായിച്ചു. അവര്‍ പണമടച്ചോ ഇല്ലയോ എന്നത്‌ വ്യക്‌തിപരമായ കാര്യമാണ്‌. അതിനെ പറ്റി എന്നോട് അഭിപ്രായം ചോദിക്കരുതേ” എന്നായിരുന്നു ഷാരൂഖിന്റെ മറുപടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :