മമ്മൂട്ടിയെ കണ്ടുപഠിക്കണം: സത്താര്‍

WEBDUNIA|
PRO
മമ്മൂട്ടി, രതീഷ്, സത്താര്‍ - ഇവരൊക്കെ ഏകദേശം ഒരേ കാലയളവില്‍ സിനിമയില്‍ വന്നവരാണ്. ആദ്യകാലത്ത് ഈ മൂവരില്‍ ഏറ്റവും തിളങ്ങിയത് രതീഷായിരുന്നു. സത്താര്‍ ചില ചിത്രങ്ങളില്‍ നായകനായെങ്കിലും ഒടുവില്‍ വില്ലന്‍ വേഷങ്ങളില്‍ തളച്ചിടപ്പെട്ടു. പിന്നീട് രതീഷ് മങ്ങി, മമ്മൂട്ടി കുതിച്ചുകയറി. ആ കുതിപ്പ് മമ്മൂട്ടി ഇന്നും തുടരുന്നു. ഇതിനിടയില്‍ രതീഷ് അകാലത്തില്‍ അന്തരിച്ചു. സത്താര്‍ സിനിമയില്‍ നിന്ന് അപ്രത്യക്ഷനായി.

ഇപ്പോള്‍ സത്താര്‍ തിരിച്ചുവന്നിരിക്കുകയാണ്. 22 ഫീമെയില്‍ കോട്ടയത്തിലെ നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തിലൂടെ സത്താര്‍ സജീവമായിരിക്കുന്നു. പുതിയ സിനിമകളില്‍ നല്ല കഥാപാത്രങ്ങള്‍ സത്താറിനെ തേടിവരുന്നു.

ലക്‍ഷ്യബോധമില്ലാതെ പ്രവര്‍ത്തിച്ചതുകൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് സത്താര്‍ പറയുന്നു.

“സിനിമാ മേഖലയില്‍ ലക്‍ഷ്യബോധത്തോടെ പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകതയാണ് ഞാനടക്കമുള്ളവര്‍ അറിയേണ്ടത്. അക്കാര്യത്തില്‍ മമ്മൂട്ടിയെ കണ്ടുപഠിക്കണം. തുടക്കത്തില്‍ ചെറിയ വേഷത്തില്‍ എത്തിയ ആളാണ്. പക്ഷേ, ജീവിതത്തില്‍ എന്തെങ്കിലും ആകണമെന്ന് സ്വപ്നം കണ്ട്, വിട്ടുവീഴ്ചകള്‍ ചെയ്യാതെ മുന്നേറി” - മംഗളത്തിന് വേണ്ടി രശ്മി രഘുനാഥിന് അനുവദിച്ച അഭിമുഖത്തില്‍ സത്താര്‍ വ്യക്തമാക്കുന്നു.

രതീഷിനോടൊപ്പം ചേര്‍ന്ന് സത്താര്‍ മൂന്ന് സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അവ ലാഭമായപ്പോള്‍ രതീഷ് വീണ്ടും സിനിമ നിര്‍മ്മിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ, സത്താര്‍ നിരുത്സാഹപ്പെടുത്തി. എന്നാല്‍ രതീഷ് ‘അയ്യര്‍ ദി ഗ്രേറ്റ്’ എന്ന മമ്മൂട്ടിച്ചിത്രം നിര്‍മ്മിച്ചു. “അയ്യര്‍ ദി ഗ്രേറ്റ് എന്ന സിനിമ നല്ലതായിരുന്നു. എന്നാല്‍ സാമ്പത്തികമായി കുറേ നഷ്ടമുണ്ടായി രതീഷിന്” - സത്താര്‍ വെളിപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :