വ്യവസായലോകത്ത് പ്രണബിന് കയ്യടി

മുംബൈ| WEBDUNIA| Last Modified വെള്ളി, 26 ഫെബ്രുവരി 2010 (16:45 IST)
PRO
വരും വര്‍ഷത്തിലേക്കുള്ള കേന്ദ്ര ബജറ്റ് വ്യവസാ‍യ മേഖലയില്‍ പരക്കെ സ്വാഗതം ചെയ്യപ്പെടുന്നു. പ്രത്യേക സാമ്പത്തിക മേഖലകള്‍ പ്രോത്സാഹിപ്പിക്കുമെന്നും വിദേശനിക്ഷേപച്ചട്ടങ്ങള്‍ ഏകീകരിച്ച് ലളിതമാക്കുമെന്നും മറ്റുമുള്ള പ്രഖ്യാപനങ്ങള്‍ വാണിജ്യമേഖലയില്‍ പുത്തനുണര്‍വ്വ് ഉണ്ടാ‍ക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ആഗോള സാമ്പത്തിക പ്രതിസന്ധിയെ നമ്മള്‍ അതിജീവിച്ചു എന്ന ആത്മവിശ്വാസത്തോടെയാണ് ഞാന്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നതെന്ന മുഖവുരയോടെയാണ് പ്രണബ് മുഖര്‍ജി ബജറ്റ് അവതരിപ്പിക്കാന്‍ തുടങ്ങിയത്. ഒരു വര്‍ഷം മുമ്പുള്ള സ്ഥിതിയില്‍ നിന്ന് നമ്മള്‍ ഏറെ മുന്നേറിയിരിക്കുന്നതായി പ്രണബ് ചൂണ്ടിക്കാട്ടി.

കയറ്റുമതി മേഖലയ്ക്ക് അനുവദിച്ച രണ്ട് ശതമാനം പലിശ ഇളവ് ഒരു വര്‍ഷം കൂടി തുടരുമെന്ന പ്രഖ്യാപനം ഈ മേഖലയ്ക്ക് ഏറെ ആശ്വാസം പകരുന്നതാണ്. ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തിരിച്ചടി നേരിട്ടിരുന്ന രാജ്യത്തെ കയറ്റുമതി മേഖല ഇപ്പോള്‍ തിരിച്ചുവരവിന്‍റെ പാതയിലാണ്. എന്നാല്‍ സര്‍ക്കാര്‍ സാമ്പത്തിക ഉത്തേജക പാക്കേജിന്‍റെ ഭാഗമായും മറ്റും നല്‍കിയ ഇളവുകള്‍ ബജറ്റില്‍ എടുത്തുകളയുമോ എന്ന ആശങ്ക ഈ മേഖലയ്ക്കുണ്ടായിരുന്നു.

സാമ്പത്തിക ഉത്തേജക പാക്കേജ് പെട്ടന്ന് പിന്‍‌വലിക്കില്ലെന്ന ധനമന്ത്രിയുടെ പ്രഖ്യാപനവും വ്യവസായ ലോകത്തിന് ആശ്വാസമേകുന്നതാണ്. സാമ്പത്തിക വളര്‍ച്ച ഒമ്പത് ശതമാ‍നമെത്തുന്നതിന് സ്വകാര്യ നിക്ഷേപത്തിന്‍റെ സഹായം ആ‍വശ്യമാണെന്ന പ്രണബിന്‍റെ പ്രഖ്യാപനം നമ്മുടെ വ്യവസായ മേഖലയിലേക്ക് കൂടുതല്‍ പദ്ധതികള്‍ക്ക് വഴിയൊരുക്കും.

കൂടുതല്‍ സ്വകാര്യ ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുമെന്ന പ്രഖ്യാപനം ബാങ്കിംഗ് മേഖലയ്ക്കും അടിസ്ഥാന സൌകര്യ വികസന മേഖലയില്‍ 17,3552 കോടി രൂപ ചെലവഴിക്കുമെന്ന പ്രഖ്യാപനം നിര്‍മ്മാണ മേഖലയ്ക്കും ഉണര്‍വ്വ് പകരും. ടൂ സ്റ്റാര്‍ ഹോട്ടലുകളെ നിക്ഷേപ അനുബന്ധ ഇളവുകളുടെ പരിധിയില്‍ പെടുത്തണമെന്ന നിര്‍ദ്ദേശം വിനോദ സഞ്ചാരമേഖലയ്ക്ക് ഉണര്‍വ്വേകും. പാര്‍പ്പിട പദ്ധതികളോട് അനുബന്ധിച്ചുള്ള വാണിജ്യ സ്ഥാപനങ്ങളുടെ നിര്‍മ്മാണ വ്യവസ്ഥകളില്‍ ഇളവനുവദിക്കുമെന്നും പ്രണബ് ബജറ്റില്‍ വാഗ്ദാനം ചെയ്യുന്നു.

ബിസിനസ് സ്ഥാപനങ്ങളുടെ ഓഡിറ്റ് വരുമാന പരിധി അറുപത് ലക്ഷമാക്കി ഉയര്‍ത്തിയതും ചെറുകിട നിക്ഷേപകര്‍ക്ക് ആശ്വാസം പകരുന്നതാണ്. നേരത്തെ ഈ പരിധി നാല്‍‌പത് ലക്ഷം രൂപയായിരുന്നു. 1984 ഏര്‍പ്പെടുത്തിയ പരിധിയായിരുന്നു ഇത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :