ബജറ്റ് ആവര്‍ത്തനം മാത്രം: ഉമ്മന്‍ ചാണ്ടി

WEBDUNIA| Last Modified വെള്ളി, 5 മാര്‍ച്ച് 2010 (15:41 IST)
PRO
കഴിഞ്ഞവര്‍ഷം ഇടതുമുന്നണി സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിന്‍റെ ആവര്‍ത്തനം മാത്രമാണ് തോമസ് ഐസക്ക് ഇത്തവണ അവതരിപ്പിച്ച ബജറ്റെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. നിയമസഭാ മന്ദിരത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞവര്‍ഷത്തെ പദ്ധതികളും അനുവദിച്ച തുകകളും നടപ്പിലാക്കാതെ അതിന്‍റെ ആവര്‍ത്തന പ്രഖ്യാപനമായി ബജറ്റിനെ മാറ്റുകയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു രൂപയ്ക്കു 35 ലക്ഷം കുടുംബങ്ങള്‍ക്ക് അരി കൊടുക്കുമെന്നാണ് ബജറ്റിലെ ഒരു പ്രധാന പരാമര്‍ശം. എന്നാല്‍, യു ഡി എഫ് സര്‍ക്കാര്‍ 25 കിലോ അരിയും ഗോതമ്പും മൂന്നു രൂപയ്ക്കു നല്കിയിരുന്നു. ഇപ്പോള്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നല്കുമെന്ന് പറഞ്ഞിരിക്കുന്നത് 17 കിലോ അരി മാത്രമാണ്.

മാര്‍ക്കറ്റ് ഇന്‍റര്‍വെന്‍ഷനെക്കുറിച്ച് ഒരക്ഷരവും ബജറ്റില്‍ പറയുന്നില്ല. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് ഒരു രൂപ പോലും മാറ്റി വെച്ചിട്ടില്ല. കഴിഞ്ഞ ബജറ്റില്‍ 10,000 കോടി രൂപ മാന്ദ്യവിരുദ്ധ പാക്കേജ് ആയി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഒരു രൂപയും അതിനു വേണ്ടി അനുവദിച്ചിട്ടില്ല. 1500 കോടി രൂപ മലബാര്‍ പാക്കേജ് എന്ന പേരില്‍ കഴിഞ്ഞ ബജറ്റില്‍ അനുവദിച്ചു. എന്നാല്‍ ഇത്തവണ അതിനും ഒരു രൂപയും മാറ്റിവെച്ചിട്ടില്ല.

പാക്കേജുകളുടെ പ്രഖ്യാപനം മാത്രമല്ലാതെ ഒരു സംഗതിയും നടക്കുന്നില്ല. 20,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപമാണ് സര്‍ക്കാര്‍ ലക് ഷ്യമിടുന്നതെന്ന് ധനമന്ത്രി പറയുന്നു. എന്നാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും രണ്ടു വഴിക്കു നീങ്ങുന്ന കേരളത്തില്‍ സ്വകാര്യ നിക്ഷേപത്തിനായി കാത്തു നില്ക്കണമെന്ന് പറയുന്നത് വിശ്വസിക്കാന്‍ കഴിയില്ല.

ഇ എം എസ് ഹൌസിങ് സ്കീമിനായി 20,000 കോടി രൂപ സഹകരണ ബാങ്കില്‍ നിന്ന് കടം എടുക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒരു രൂപ പോലും എടുത്തിട്ടില്ല. ഇത്തവണ അത് വീണ്ടും ആവര്‍ത്തിക്കുകയാണ് ചെയ്തെതെന്നും ധനമന്ത്രി ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :