പ്രതിപക്ഷം ബജറ്റ് ബഹിഷ്കരിച്ചു

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 26 ഫെബ്രുവരി 2010 (13:44 IST)
PRO
പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ ഉയര്‍ത്താനുള്ള ബജറ്റ് നിര്‍ദ്ദേശത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബജറ്റ് ബഹിഷ്കരിച്ചു. ഇത് സംബന്ധിച്ച ബജറ്റിലെ പ്രഖ്യാപനം പ്രണബ് മുഖര്‍ജി വായിച്ച ഉടന്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധത്തോടെ എഴുന്നേല്‍ക്കുകയായിരുന്നു.

പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ നിരക്കില്‍ എക്സൈസ് തീരുവ പുനസ്ഥാപിക്കാനുള്ള ബജറ്റ് നിര്‍ദ്ദേശമാണ് പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കിയത്. പെട്രോള്‍, ഡീസല്‍ വില ഉയരുന്നതിന് ഇത് ഇടയാക്കും. വിലക്കയറ്റം രൂക്ഷമാക്കാന്‍ ഇത് ഇടയാക്കുമെന്നും സര്‍ക്കാര്‍ ഈ നിര്‍ദ്ദേശം പിന്‍‌വലിക്കണമെന്നും ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെ ആവശ്യപ്പെട്ടു.

ഭക്‍ഷ്യവസ്തുക്കളുടെ വിലക്കയറ്റം രാജ്യത്ത് പ്രധാ‍ന ചര്‍ച്ചാ വിഷയമായിരിക്കെയാണ് ബജറ്റില്‍ ഈ നിര്‍ദ്ദേശം കൂടി ഇടം പിടിച്ചത്. ഇതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. മുലായം സിംഗ് യാദവ്, ലാലുപ്രസാദ് യാ‍ദവ് തുടങ്ങിയ നേതാക്കളും നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധമുയര്‍ത്തിയിരുന്നു.

നിര്‍ദ്ദേശം വായിച്ച ഉടന്‍ ബഹളവുമായി എഴുന്നേറ്റ പ്രതിപക്ഷത്തോട് സ്പീക്കര്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ശബ്ദമുയര്‍ത്തി ബജറ്റ് പ്രസംഗം തടയാന്‍ ശ്രമിച്ച ശേഷം അവര്‍ ഇറങ്ങിപ്പോകുകയായിരുന്നു. ഭരണഘടനാപരമായ ആവശ്യമാണ് താന്‍ നിര്‍വ്വഹിക്കുന്നതെന്നും തന്നെ അതില്‍ നിന്ന് തടയാനാകില്ലെന്നും മുഖര്‍ജി വാദിച്ചു. ബജറ്റ് പൂര്‍ത്തീകരിക്കാന്‍ അനുവദിക്കണമെന്നും ചര്‍ച്ചകളില്‍ പ്രതിപക്ഷത്തിന് ആക്ഷേപമുന്നയിക്കാമെന്നും മുഖര്‍ജി പറഞ്ഞെങ്കിലും പ്രതിപക്ഷം ഇതും ചെവിക്കൊണ്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :