ഗ്രാമീണ മേഖലയ്ക്ക് പ്രത്യേക പരിഗണന

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 26 ഫെബ്രുവരി 2010 (14:10 IST)
PRO
ഗ്രാമീണ മേഖലയ്ക്ക് പ്രത്യേക പരിഗണ നല്‍കിക്കൊണ്ടാണ് യു‌പി‌എ സര്‍ക്കാര്‍ ഈ ബജറ്റും അവതരിപ്പിച്ചിരിക്കുന്നത്. ഗ്രാമീണ മേഖലയുടെ വികസനത്തിന് 66,100 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. വികസനഫണ്ടില്‍ മുപ്പത്തിയഞ്ച് ശതമാനവും ഗ്രാമീണ മേഖലയില്‍ നിക്ഷേപിക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കുന്നു.

ഗ്രാമീണ മേഖലയുടെ വികസനത്തിന് യു‌പി‌എ സര്‍ക്കാര്‍ പ്രത്യേക പരിഗണനയാണ് നല്‍കുന്നതെന്ന മുഖവുരയോടെയായിരുന്നു പ്രണബ് മുഖര്‍ജി ഈ പ്രഖ്യാപനങ്ങള്‍ നടത്തിയത്. ഗ്രാമങ്ങളുടെ വികസനത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ വീക്ഷണവും അദ്ദേഹം ഉദ്ധരിച്ചിരുന്നു. രണ്ടായിരത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള വില്ലേജുകളില്‍ ബാങ്കുകള്‍ അനുവദിക്കുമെന്ന പ്രഖ്യാപനം ഗ്രാമീണമേഖലയെ സംബന്ധിച്ച് ഏറെ സ്വാഗതാര്‍ഹമാണ്.

ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായി 40,100 കോടി രൂപ അനുവദിച്ചതാണ് ഗ്രാമീണ മേഖലയെ സന്തോഷിപ്പിക്കുന്ന ബജറ്റിലെ മറ്റൊരു നിര്‍ദ്ദേശം. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമെന്നും പ്രഖ്യാപനമുണ്ട്. പിന്നോക്കക്കാര്‍ക്കും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കും വീട് നല്‍കുക എന്ന ഉദ്ദേശത്തോടെ 1985 ല്‍ ആരംഭിച്ച ഇന്ദിരാ ആവാസ് യോജനയ്ക്ക് പതിനായിരം കോടി രൂപ അനുവദിച്ചതും ഗ്രാമീണ മേഖലയ്ക്ക് സന്തോഷം പകരുന്നതാണ്.

കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി നാലിന കര്‍മ്മപദ്ധതിയും ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കാര്‍ഷിക വായ്പകള്‍ തിരിച്ചടയ്ക്കാനുള്ള കാലാവധി ആറ് മാസം ദീര്‍ഘിപ്പിച്ചതും ഗ്രാമീണ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :