എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന്‍ കില്ലിംഗ്സ് - 70കളിലെ ജമൈക്കയുടെ രക്തചരിത്രം!

എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന്‍ കില്ലിംഗ്സ്, ജമൈക്ക, മര്‍ലോണ്‍ ജെയിംസ്, ബുക്കര്‍
കാമറൂണ്‍ ഡി സ്കോട്ട്| Last Updated: ബുധന്‍, 14 ഒക്‌ടോബര്‍ 2015 (19:27 IST)
ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്കാരം ജമൈക്കന്‍ എഴുത്തുകാരന്‍ മര്‍ലോണ്‍ ജെയിംസിന്. വാര്‍ത്ത അമ്പരപ്പിക്കുന്നതൊന്നുമല്ല, പുരസ്കാരത്തിന് അര്‍ഹമായ പുസ്തകം വായിച്ചിട്ടുള്ളവര്‍ക്ക്. ‘എ ബ്രീഫ് ഹിസ്റ്ററി ഒഫ് സെവന്‍ കില്ലിംഗ്‌സ്’ എന്ന നോവല്‍ ജമൈക്കന്‍ സംഗീത വിസ്മയമായ ബോബ് മാര്‍ലിയ്ക്കു നേരെ നടന്ന കൊലപാതക ശ്രമത്തേക്കുറിച്ചാണ് പറയുന്നത്. എന്നാല്‍, അതിലുപരി, എഴുപതുകളിലെ ജമൈക്കയുടെ രക്തചരിത്രത്തിന്‍റെ പശ്ചാത്തലമാണ് ഈ നോവലിനെ അനന്യമാക്കുന്നത്.
 
ജമൈക്കയില്‍ നിന്നുള്ള ഒരു എഴുത്തുകാരന്‍ ബുക്കര്‍ പുരസ്കാരത്തിന് അര്‍ഹത നേടുന്നത് ഇതാദ്യമാണ്. 50000 പൗണ്ട് ആണ് (42.57 ലക്ഷം രൂപ) സമ്മാനത്തുക. 680 പേജുകളിലായി നീണ്ടുനില്‍ക്കുന്ന കഥയിലൂടെ കടന്നുപോകുമ്പോള്‍ വായനക്കാര്‍ വിസ്മയവും ഭയവും ഒരേ തോതില്‍ അനുഭവിക്കും. അതിസങ്കീര്‍ണമായ ആഖ്യാനഘടനയില്‍ വിവശരാകും. ഭ്രമിച്ചുനില്‍ക്കും. വായിച്ചുതീരുമ്പോള്‍ ഈ പതിറ്റാണ്ടിലെ മഹത്തായ ഒരു നോവലിലൂടെ യാത്ര ചെയ്യാനായതിന്‍റെ ആഹ്ലാദം ദിവസങ്ങളോളം തുടരും.
 
നടുങ്ങിവിറച്ച മുഹൂര്‍ത്തങ്ങളിലൂടെയുള്ള സഞ്ചാരമാണ് ഈ നോവലിനെ അസാധാരണമായ ഒരു വായനാനുഭവമാക്കുന്നത്. മര്‍ലോണ്‍ ജയിംസിന്‍റെ ജോണ്‍ ക്രൌസ് ഡെവിള്‍, ദി ബുക്ക് ഓഫ് നൈറ്റ് വുമണ്‍ എന്നീ നോവലുകളേക്കാള്‍ ദുര്‍ഗ്രഹമായ പാതയിലൂടെയാണ് എ ബ്രീഫ് ഹിസ്റ്ററി ഓഫ് 7 കില്ലിംഗ്സിന്‍റെ യാത്ര. എന്നാല്‍ മര്‍ലോണിന്‍റെ മാജിക്കല്‍ ടച്ചുള്ള ആഖ്യാനം നോവലിനെ ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാനാവുന്ന പുസ്തകമാക്കുന്നു.
 
എഴുപത്തഞ്ചോളം കഥാപാത്രങ്ങള്‍ വന്നും പോയും അവരുടെ ജീവിതം പറയുന്ന സങ്കീര്‍ണാനുഭവത്തിന്‍റെ ചിത്രീകരണമാണ് ഈ നോവലിനെ വ്യത്യസ്തവും അനുപമവുമാക്കുന്നതെന്നുപറയാം. കൊലപാതകങ്ങളുടെ ഭൂമികാവിവരണത്തില്‍ ചിലത് യഥാര്‍ത്ഥതലമാകുമ്പോള്‍ മറ്റുചിലത് സാങ്കല്‍പ്പികവും ചിലത് വൈരുധ്യം നിറഞ്ഞതുമാകുന്നു. ടിവോളി ഗാര്‍ഡന്‍സൊക്കെ ഉദാഹരണം.
 
ഒരു പുസ്തകത്തില്‍ നിന്ന് മറ്റൊന്നിലേക്ക് വരുമ്പോള്‍ എഴുത്തുകാരന്‍ എഴുതുന്ന ശൈലിയിലും വിഷയത്തിലും വളര്‍ച്ച കാണിക്കുന്നു എന്നതാണ് മര്‍ലോണ്‍ ജെയിംസിനെ സംബന്ധിച്ച് സന്തോഷകരമായി തോന്നുന്നത്. എഴുത്തുകാരന്‍റെ ഭാവനയുടെ അതിരുകള്‍ പരമാവധി വിസ്തൃതമാകുന്നതിന്‍റെ അതിശയകരമായ അനുഭൂതി എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന്‍ കില്ലിംഗ്സ് പകര്‍ന്നുനല്‍കും. 
 
കൊലപാതകങ്ങളുടെയും രക്തക്കളികളുടെയും കഥ വായിച്ചവര്‍ മര്‍ലോണ്‍ ജെയിംസിനെ ക്വെന്‍റിന്‍ ടറാന്‍റിനോയോട് ഉപമിക്കുന്നു, അത് അല്‍പ്പം കടന്ന കൈയാണെങ്കിലും. മുമ്പ്, മര്‍ലോണിന്‍റെ നൈറ്റ് വുമണ്‍ വായിച്ചവര്‍ അദ്ദേഹത്തെ ടോണി മോറിസണോട് ഉപമിച്ചതുവച്ചു നോക്കുമ്പോള്‍ ഭേദം തന്നെ. എങ്കിലും ടറാന്‍റിനോ തിരശ്ശീലയില്‍ ചെയ്തുവച്ചതുതന്നെയാണ് മര്‍ലോണ്‍ ജെയിംസ് ബ്രീഫ് ഹിസ്റ്ററിയുടെ താളുകളിലും ചെയ്യുന്നത്. വയലന്‍സിന്‍റെ അപാരസൌന്ദര്യം. അപസ്വരങ്ങളുടെ അഗാധസൌന്ദര്യം!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :