സന്ധിവാതം ശ്രദ്ധ വേണം

PRDPRD
സന്ധിവാതം എന്നത് കൊണ്ട് ഉദേശിക്കുന്നത് പേര് സൂചിപ്പിക്കുന്നത് പോലെ സന്ധികളില്‍ ഉണ്ടാകുന്ന വേദന തന്നെയാണ്. സന്ധികളില്‍ വീക്കം വേദന, മുറുക്കം എന്നിവയാണ് ഇതിന്‍റെ ലക്ഷണങ്ങള്‍. സന്ധിവാതം മൂലം ശരീരത്തിന്‍റെ ഏത് ഭാഗത്തും വേദനയോട് കൂ‍ടിയ വീക്കം ഉണ്ടാകാം. മാംസ പേശികള്‍, അസ്ഥികള്‍, ശരീരത്തിനുള്ളിലുളള അവയവങ്ങള്‍ എന്നിവയില്‍ അസുഖം ബാധിക്കാം.

സാധാരണ രണ്ട് തരം വാതമാണ് പൊതുവെ കണ്ടു വരുന്നത്. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് എന്നിവയാണ് ഇവ. ആരെയും ഏത് പ്രായത്തിലും ഇത് ബാധിക്കാം. കുട്ടികള്‍ക്കും ഈ അസുഖം വരാവുന്നതാണ്. പ്രായം കൂടുംതോറും സന്ധിവാതം വരാനുള്ള സാധ്യതയും ഏറുന്നു. ചികിത്സ നടത്താതിരുന്നാല്‍ സന്ധികള്‍ക്കും അസ്ഥികള്‍ക്കും അവയവങ്ങള്‍ക്കും ചര്‍മ്മത്തിനും ഇത് പ്രതികൂലമാവും.

ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്

സന്ധികളുടെ തേയ്‌മാനം മൂലമാണ് ഇതുണ്ടാകുന്നത്. ഗുരുത്വാകര്‍ഷണത്തിന്‍റെ സമ്മര്‍ദ്ദം മൂലം സന്ധികള്‍ക്കും അതിന് ചുറ്റുമുളള കലകള്‍ക്കും തേയ്മാനം സംഭവിക്കുന്നു. ഇത് വേദനയ്ക്കും വീക്കത്തിനും ചലനങ്ങള്‍ മന്ദീഭവിക്കുന്നതിനും കാരണമാകുന്നു.

കാല്‍മുട്ടുകള്‍, ഇടുപ്പ്, കൈകള്‍, നടുവ് എന്നിവിടങ്ങളിലാണ് സാധാരണ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ബാധിക്കുന്നത്. പ്രായം കൂടും തോറും അസുഖം ബാധിക്കാനുള്ള സാധ്യതയും ഏറുന്നു.

റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്

ശരീരത്തിന്‍റെ സ്വന്തം പ്രതിരോധ സംവിധാനം തന്നെ അബദ്ധത്തില്‍ സന്ധികളിലെ കോശങ്ങളുടെ വക്കുകളെ ആക്രമിക്കുമ്പോള്‍ ആണ് റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് ഉണ്ടാകുന്നത്. ശരീര ചലനങ്ങളെ ഇത് ദോഷകരമായി ബാധിക്കുന്നു. സന്ധിവേദന, സന്ധികള്‍ക്ക് മുറുക്കം അനുഭവപ്പെടുക, വീക്കം എന്നിവയാണ് ഇത് കൊണ്ടുണ്ടാകുന്നത്. പാരമ്പര്യവും ഇത് ബാധിക്കുന്നതിന് ഒരു പ്രധാന ഘടകമാണ്.

ചികിത്സ

സന്ധികളില്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം കുറയ്ക്കുക എന്നതാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസിനുള്ള ചികിത്സ. സന്ധിവേദനയും വീക്കവും കുറയ്ക്കുക എന്നതും ചികിത്സയുടെ ഭാഗമാണ്. ശരീര ഭാരം കുറയ്ക്കല്‍, വിശ്രമം എന്നിവയും ആവശ്യമാണ്. സന്ധികളിലെ വീക്കം വേദന എന്നിവ മാറ്റാന്‍ ഗുളികകളും കുത്തിവയ്പും നല്‍കാറുണ്ട്. എന്നാല്‍, വളരെ ഗുരുതരമായ അവസ്ഥകളില്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിക്കാറുണ്ട്.

റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസിന് ശരിക്കും മരുന്നുകളൊന്നുമില്ല. സന്ധികളിലെ വീക്കം മാറ്റാനും പ്രവര്‍ത്തനം ശക്തിപ്പെടുത്താനും സന്ധികളെ സംരക്ഷിക്കാനും ഉള്ള മരുന്നുകള്‍ നല്‍കുക എന്നാതാണ് ഇപ്പോള്‍ ലഭ്യമായ ചികിത്സ.















WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :