രണ്ട് വര്‍ഷം മുന്‍പ് ജോഹ്നാസ്ബര്‍ഗിലെ വാറണ്ടേഴ്സില്‍ നിര്‍ഭാഗ്യത്തിന്‍റെ പിച്ചില്‍ തളര്‍ന്നു വീണ പാക് പട ക്രിക്കറ്റിന്‍റെ മെക്കയായ ലോര്‍ഡ്സില്‍ ഉയിര്‍ത്തെഴുന്നേറ്റു. ഷാഹിദ് അഫ്രിദിയുടെ പത്താന്‍ കരുത്തില്‍ ലങ്കന്‍ സിംഹങ്ങളെ എട്ടു വിക്കറ്റിന് തൂത്തെറിഞ്ഞ് ഐ സി സി ട്വന്‍റി-20 ലോകകപ്പില്‍ പാക് പോരാളികള്‍ മുത്തമിട്ടു.
അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് ആഘോഷിച്ച അബ്ദുള്‍ റസാഖും 40 പന്തില്‍ 54 റണ്‍സുമായി ഷാഹിദ് അഫ്രീദിയും 22 പന്തില്‍ 24 റണ്‍സുമായി ഷൊയൈബ് മാലിക്കും പാകിസ്ഥാന്‍റെ വിജശില്‍പ്പികളായി.സ്കോര്‍ ശ്രീലങ്ക: 20 ഓവറില്‍ 138/6. പാകിസ്ഥാന്‍ 18.4 ഓവറില്‍ 139/2.
ശ്രീലങ്ക ഉയര്‍ത്തിയ താരതമ്യേന ചെറിയ വിജലക്‍ഷ്യത്തിലേക്ക് പാക് ഓപ്പണര്‍മാരായ കമ്രാന്‍ അക്മലും ഷഹസൈബ് ഹസനും അതിവേഗമാണ് ചുവട് വച്ചത്. ആദ്യ ആറോവറിനുള്ളില്‍ അഞ്ചു ബൌളര്‍മാരെ കൊണ്ടുവന്ന ലങ്കന്‍ നായകന്‍ സംഗക്കാരയുടെ തന്ത്രങ്ങള്‍ കമ്രാന്‍ അടിച്ചു പറത്തി. പാകിസ്ഥാന് ഏറ്റവും വലിയ ഭീഷണിയാവുമെന്ന് കരുതിയിരുന്ന അജാന്ത മെന്‍ഡിസിന്‍റെ ആദ്യ ഓവറില്‍ തന്നെ സിക്സര്‍ പറത്തി കമ്രാന്‍ പാക് നയം വ്യക്തമാക്കി. ഒടുവില്‍ ജയസൂര്യയെ ആക്രമണമേല്‍പ്പിച്ച സംഗയുടെ തന്ത്രം ഫലിച്ചു.
ആദ്യ പന്തില്‍ തന്നെ കമ്രാന്‍(28 പന്തില്‍ 37)പുറത്ത്. എന്നല്‍ പിന്നീടും ശ്രീലങ്കയ്ക്ക് ആശ്വസിക്കാന്‍ വകയൊന്നും ഉണ്ടായില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ബാറ്റിംഗ് ഫോം ഫൈനലിലും തുടര്‍ന്ന അഫ്രീദി ലങ്കന്‍ പ്രതീക്ഷകള്‍ കരിച്ചു. ഇടക്ക് ഷഹ്സൈബ് ഹസനെ(23 പന്തില്‍ 19) മുരളി വിഴ്ത്തിയെങ്കിലും ഷിയൈബ് മാലിക്കിനെ കൂട്ടുപിടിച്ച് അഫ്രീദി പാക് കിരീടധാരണം പൂര്‍ത്തിയാക്കി.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലങ്കയെ ഞെട്ടിച്ചുകൊണ്ടാണ് പാകിസ്ഥാന്‍ തുടങ്ങിയത്. ഇതുവരെ ലങ്കയുടെ വിജയശില്‍പ്പിയായ തിലകരത്നെ ദില്‍ഷന്‍ പൂജ്യനായി മടങ്ങിയൊപ്പോള്‍ ലങ്ക ഞെട്ടി. പിന്നീട് ജയസൂര്യ(17) ആളിക്കത്താന്‍ ശ്രമിച്ചെങ്കിലും അബ്ദുള്‍ റസാഖിനു മുന്നില്‍ വീണു. മുന്‍ നായകന്‍ ജയവര്‍ധനെ(1)കൂടി റസാഖിനു മുന്നില്‍ വീണതോടെ പിടിച്ചു നില്‍ക്കാനായി പിന്നെ ലങ്കയുടെ ശ്രമം.
ഇന്നിംഗ്സിന്റെ പകുതി പിന്നിട്ടപ്പോള്‍ ലങ്കന്‍ സ്കോര്‍ ബോര്‍ഡില്‍ നാലുവിക്കറ്റിന് വെറും 54 റണ്‍സ് .ചമര സില്‍വ 14ഉം ഉഡാന ഒന്നും റണ്‍സെടുത്തു പോയതോടെ ലങ്ക 100 കടക്കുമോയെന്ന് സംശയമായി. പക്ഷേ സിംഹളവീര്യവുമായി നായകന്‍ കുമാര്‍ സംഗക്കാര(52 പന്തില്‍ 64)യ്ക്ക് കൂട്ടായി ഏഞ്ചലോ മാത്യൂ(24 പന്തില്‍ 35)സ് എത്തിയതോടെ ലങ്കയ്ക്ക് പൊരുതാവുന്ന സ്കോറായി. |