ബ്യൂണസ്ഐറിസ്, വ്യാഴം, 2 സെപ്റ്റംബര്‍ 2010( 17:26 IST )
PRO
അര്‍ജന്‍റീനയുടെ മുന്‍ ദേശീയ പരിശിലകനും ഇതിഹാസ താരവുമായ ഡീഗോ മറഡോണ തന്‍റെ വിളികള്‍ക്ക് കാതോര്‍ക്കുന്നില്ലെന്ന് ഇടക്കാല പരിശീലകന്‍ സെര്‍ജിയോ ബാറ്റിസ്റ്റയ്ക്ക് പരാതി. താന്‍ നിരവധി തവണ മറഡോണയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും അദ്ദേഹം ഫോണ്‍ എടുക്കുകയോ തിരിച്ചുവിളിക്കുകയോ ചെയ്തില്ലെന്ന് ബാറ്റിസ്റ്റ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കളിക്കാരെക്കുറിച്ച് ചര്‍ച്ച ചെയ്യാനോ ടീമിന്‍റെ സാങ്കേതികത്വത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനോ അല്ല വ്യക്തിപരമായാണ് അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചത്. അദ്ദേഹത്തിന് സുഖമാണോ എന്നറിയാനായിരുന്നു വിളിച്ചത്. ഇതിനായി രണ്ട് തവണ അദ്ദേഹത്തെ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഫോണെടുക്കുകയോ തിരിച്ചു വിളിക്കുകയോ ചെയ്തില്ല. അര്‍ജന്‍റീനയുടെ മുന്‍ പരിശീലകരുമായി എനിക്ക് യാതൊരു പ്രശ്നങ്ങളുമില്ല. അവരെ ഓരോരുത്തരെയും കണ്ട് അവരുടെ കാഴ്ചപ്പാടും ടീമിനെക്കുറിച്ചുള്ള വിലയിരുത്തലുകളും അറിയാനിരിക്കുകയാണ് ഞാന്‍.
തീര്‍ച്ചയായും മറഡോണയെയും ഇക്കൂട്ടത്തില്‍ കാണും. എന്നാല്‍ ഞാന്‍ ഫോണ്‍ ചെയ്തത് തികച്ചും വ്യക്തിപരമായിരുന്നു. അതിന് അദ്ദേഹത്തിന്‍റെ ഭാഗത്തു നിന്ന് മറുപടിയൊന്നും ഉണ്ടായില്ലെന്നും ബാറ്റിസ്റ്റ പറഞ്ഞു. ലോകകപ്പ് ക്വാര്‍ട്ടറില്‍ ജര്‍മനിയോടേറ്റ ദയനീയ തോല്‍വിയ്ക്ക് ശേഷം അസോസിയേഷനുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്നാണ് മറഡോണ ദേശീയ പരിശീലക കുപ്പായം അഴിച്ചുവെച്ചത്.
ഇതിനെ തുടര്‍ന്ന് ബാറ്റിസ്റ്റയെ അസോസിയേഷന്‍ ഇടക്കാല പരിശീലകനായി നിയോഗിക്കുകയായിരുന്നു. ബാറ്റിസ്റ്റയുടെ പരിശീലനത്തില്‍ അയര്‍ലന്‍ഡിനെതിരായ സൌഹൃദ മത്സരം ജയിച്ച അര്‍ജന്‍റീന അടുത്ത ആഴ്ച ലോക ചാമ്പ്യന്‍മാരായ സ്പെയിനിനെ നേരിടും.