ബ്യൂണസ് ഐറിസ്, ബുധന്‍, 1 സെപ്റ്റംബര്‍ 2010( 15:26 IST )
PRO
അര്‍ജന്‍റീനയുടെ ദേശീയ ഫുട്ബോള്‍ ടീം പരിശീലകനായി സെര്‍ജിയൊ ബാറ്റിസ്റ്റ തന്നെ തുടരണമെന്ന് സൂപ്പര്‍ താരം ലയണല്‍ മെസ്സി. മുന്‍ പരിശീലകനും ഇതിഹാസ താരവുമായ ഡീഗൊ മറഡോണയ്ക്ക് പകരക്കാരനായാണ് ബാറ്റിസ്റ്റ ടീമിന്‍റെ താല്‍ക്കാലിക ചുമതലയേറ്റെടുത്തത്. എന്നാല്‍ ബാറ്റിസ്റ്റ തന്നെ ദീര്‍ഘകാലം പരിശിലക സ്ഥാനത്ത് തുടരണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് മെസ്സി വ്യക്തമാക്കി.
അടുത്ത ആഴ്ച ലോക ചാമ്പ്യന്‍മാരായ സ്പെയിനിനെതിരെ നടക്കുന്ന സൌഹൃദമത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പൊഴാണ് മെസ്സി മനസ്സ് തുറന്നത്. നേരത്തെ മെസ്സിയുടെ സഹതാരം കാര്‍ളോസ് ടെവസും ബാറ്റിസ്റ്റയ്ക്ക് പിന്തുണയുമായി രംഗത്തു വന്നിരുന്നു. ബാറ്റിസ്റ്റയുടെ തന്ത്രങ്ങള്‍ മറഡോണയുടേതില്‍ നിന്ന് വ്യത്യസ്തമാണെങ്കിലും അതുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടില്ലെന്നും മെസ്സി പറഞ്ഞു.
അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ബാറ്റിസ്റ്റ സ്വീകരിച്ച തന്ത്രങ്ങളിലും സമീപനത്തിലും കളിക്കാര്‍ക്കെല്ലാം മതിപ്പുണ്ട്. എന്നാല്‍ ഇതിനര്‍ത്ഥം മറഡോണയെ തല്ലിപ്പറയുക എന്നല്ലെന്നും അദ്ദേഹത്തിന്‍റെ ശൈലിയും കളിക്കാര്‍ ഇഷ്ടപ്പെട്ടിരുന്നുവെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു. ഒക്ടോബറില്‍ അര്‍ജന്‍റീന പുതിയ ദേശീയ കോച്ചിനെ പ്രഖ്യാപിക്കുമ്പോള്‍ ബാറ്റിസ്റ്റ തന്നെ തുടരാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍.