ന്യൂയോര്‍ക്ക്, ബുധന്‍, 1 സെപ്റ്റംബര്‍ 2010( 09:16 IST )
യു എസ് ഓപ്പണിലെ രണ്ടാം ദിവസവും പ്രമുഖരുടെ മുന്നേറ്റം തുടരുന്നു. ഒന്നാം സീഡ് താരം റാഫേല്‍ നദാലും നൊവാക് ജോക്കോവിച്ചും രണ്ടാം റൌണ്ടില്‍ കടന്നു. സ്പെയിന്‍ താരമായ റാഫേല്‍ നദാല്‍ റഷ്യയുടെ ഗബഷ്‌വിലിയെയാണ് തോല്‍പ്പിച്ചത്. സ്കോര്‍ 7-6, 7-6, 6-3, ആദ്യ രണ്ട് സെറ്റിലും മികച്ച പോരാട്ടം നടന്നെങ്കിലും നദാലിന്റെ പരിചയസമ്പത്ത് വിജയം ഉറപ്പാക്കുകയായിരുന്നു.
മറ്റൊരു മത്സരത്തില്‍ മാരത്തോണ്‍ പോരാട്ടത്തിലൂടെ നോവാക് ജോക്കോവിച്ച് സെര്‍ബിയയുടെ വിക്ടര്‍ ട്രോയിക്കിയെ കീഴടക്കിയാണ് രണ്ടാം റൌണ്ടില്‍ കടന്നത്. നാലു മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ജോക്കോവിച്ച് വിജയം നേടിയത. സ്കോര്‍: 6-3, 3-6, 2-6, 7-5, 6-3. വനിതാ സിംഗിള്‍സില്‍ ജാങ്കോവിച്ച് റൊമാനിയയുടെ സിമൊണ ഹലെപെയെ തോല്‍പ്പിച്ച് രണ്ടാം റൌണ്ടിലെത്തി. സ്കോര്‍: 6-4, 4-6, 7-5.
പുരുഷ ഡബിള്‍സില്‍ കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ ഇന്ത്യയുടെ ലിയാന്‍ഡര്‍ പേസ് ലൂക്കസ് ളോഹി സഖ്യത്തിന് ആദ്യ റൌണ്ടില്‍ തന്നെ പരാജയം. ചെക്ക് റിപ്പബ്ലിക്കിന്റെ മാര്‍ട്ടിന്‍ ഡാം- ഫിലിപ് പൊലാസെക് സഖ്യമാണ് മുന്‍ ചാമ്പ്യന്മാരെ കീഴടക്കിയത്. സ്കോര്‍: 7-6, 6-3, 6-4. മറ്റൊരു മത്സരത്തില്‍ രോഹന്‍ ബൊപ്പണ്ണ, ഖുറേഷി സഖ്യം രണ്ടാം റൌണ്ടില്‍ കടന്നു.