ഇംഗ്ലണ്ട് സൂപ്പര്‍താരം ഡേവിഡ് ബെക്കാമിന്‍റെ അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചുവെന്ന് പ്രഖ്യാപിക്കേണ്ടി വന്നതില്‍ കോച്ച് ഫാബിയോ കാപ്പെല്ലോയ്ക്ക് ദു:ഖം. ബെക്കാമുമായി ഇപ്പോഴും നല്ല ബന്ധമാണെങ്കിലും ആദ്ദേഹത്തിന്‍റെ കരിയര്‍ ഇത്തരത്തില്‍ അവസാനിപ്പിക്കേണ്ടി വന്നതില്‍ എനിക്ക് ദു:ഖമുണ്ട്. ബെക്കാമിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം കുറച്ചു കൂടി ഭംഗിയായി കൈകാര്യം ചെയ്യാമായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും കാപ്പെല്ലൊ പറഞ്ഞു.
ഹംഗേറിയന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തിനിടെയാണ് ബെക്കാമിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം കാപ്പെല്ലൊ പ്രഖ്യാപിച്ചത്. എന്നാല്‍ ഇത്തരമൊരു പ്രഖ്യാപനം നടത്താന്‍ താന്‍ ഉദ്ദ്യേശിച്ചിരുന്നില്ലെന്നും കാപ്പെല്ലൊ പറഞ്ഞു. ആ അഭിമുഖം സംപ്രേക്ഷണം ചെയ്തതിനുശേഷം താന്‍ ബെക്കാമുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും കാപ്പെല്ലൊ വ്യക്തമാക്കി.
പരുക്കിനെ തുടര്‍ന്ന് ലോകകപ്പില്‍ കളിക്കാന്‍ കഴിയാതിരുന്ന ബെക്കാമിനെ യൂറോ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്നും കാപ്പെല്ലൊ ഒഴിവാക്കിയിരുന്നു. ഇംഗ്ലണ്ടിനു വേണ്ടി 115 മത്സരങ്ങളില്‍ ദേശീയ കുപ്പായമണിഞ്ഞിട്ടുള്ള ബെക്കാം യു എസ് മേജര്‍ സോക്കര്‍ ലീഗില്‍ ലോസാഞ്ചല്‍സ് ഗ്യാലക്സിയുടെ താരമാണിപ്പോള്‍.