ലോകകപ്പില്‍ തീര്‍ത്തും നിറം മങ്ങിയ ഇംഗ്ലണ്ട് സൂപ്പര്‍ താരം വെയ്ന്‍ റൂണിയ്ക്ക് കോച്ച് ഫാബിയോ കാപ്പെല്ലോയുടെ ചുവപ്പ് കാര്‍ഡ്. അടുത്ത വെള്ളിയാഴ്ച വെംബ്ലിയില്‍ ബള്‍ഗേറിയയ്ക്കെതിരെ നടക്കുന്ന യൂറോ യോഗ്യതാ മത്സരത്തില്‍ റൂണിയെ സൈഡ് ബെഞ്ചിലിരുത്താനാണ് കാപ്പെല്ലോയുടെ തീരുമാനം. വയറിലെ അണുബാധയെ തുടര്‍ന്ന് പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാമിനെതിരായ മത്സരത്തിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കളത്തിലിറങ്ങാന്‍ റൂണിയ്ക്ക് കഴിഞ്ഞിരുന്നില്ല.
പ്രീമിയര്‍ ലീഗില്‍ ഇന്ന് വെസ്റ്റ്‌ഹാമിനെ നേരിടുന്ന മാഞ്ചസ്റ്റര്‍ നിരയില്‍ റൂണിയുണ്ടാവുമോ എന്ന കാര്യവും സംശയത്തിലാണ്. പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാതെ റൂണിയെ ടീമില്‍ തിരിച്ചെടുക്കില്ലെന്നാണ് കാപ്പെല്ലോയുടെ ഉറച്ച നിലപാട്. വെസ്റ്റ്‌ഹാം-മാഞ്ചസ്റ്റര്‍ മത്സരം കാണാന്‍ കാപ്പെല്ലോയും എത്തുന്നുണ്ട്.
കഴിഞ്ഞ മാര്‍ച്ചിനുശേഷം റൂണി മാഞ്ചസ്റ്ററിനായി ഒരു മത്സരത്തില്‍ മുഴുവന്‍ സമയവും കളത്തിലിറങ്ങിയിട്ടില്ല. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കിനെതിരെയാണ് റൂണി മാഞ്ചസ്റ്ററിനായി അവസാനം സ്കോര്‍ ചെയ്തത്.
ബല്‍ഗേറിയക്കെതിരായ മത്സരത്തില്‍ ഒരു പക്ഷെ പകരക്കാരനായി റൂണി കളത്തിലിറങ്ങാന്‍ സാധ്യതയുണ്ടെന്ന് കാപ്പെല്ലോ സൂചന നല്‍കിയിട്ടുണ്ട്. എട്ട് വര്‍ഷം മുന്‍പ് ഇംഗ്ലണ്ടിനായി അരങ്ങേറിയ ശേഷം നാലു തവണ മാത്രമെ റൂണിയ്ക്ക് പകരക്കാരനായി കളിക്കാന്‍ ഇറങ്ങേണ്ടി വന്നിട്ടുള്ളു.