ദേശീയ ടീമിന്‍റെ പരിശീലക സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെ അര്‍ജന്‍റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ഡീഗൊ മറഡോണ രംഗത്തെത്തി. അര്‍ജന്‍റീനിയന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ജൂലിയൊ ഗ്രൊന്‍ഡോണ തന്നോട് നുണ പറഞ്ഞുവെന്നും ടീം മാനേജര്‍ കാര്‍ളോസ് ബിലാര്‍ഡോ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും മറഡൊണ ആരോപിച്ചു. പരിശീലകസ്ഥാനത്തു നിന്ന് നീക്കിയതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മറഡോണ.
ഗ്രൊന്‍ഡോണ എന്നോട് നുണ പറഞ്ഞു, ബില്ലാര്‍ഡോ എന്നെ ചതിച്ചു എന്നായിരുന്നു മറദോണയുടെ ആദ്യ പ്രതികരണം. ലോകകപ്പ് ക്വാര്‍ട്ടറില്‍ ജര്‍മനിയോട് തോറ്റശേഷം ഡ്രസിംഗ് റൂമിലെത്തിയ ഗ്രൊന്‍ഡോണ കളിക്കാരുടെയും മറ്റ് സഹ പരിശീലകരുടെയും മുന്നില്‍ വെച്ച് എന്നോട് പറഞ്ഞത് താങ്കളുടെ പ്രകടനത്തില്‍ തൃപ്തിയുണ്ടെന്നായിരുന്നു. അതുകൊണ്ട് തന്നെ പരിശീലക സ്ഥാനത്ത് തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോകകപ്പിനുശേഷം നാട്ടില്‍ തിരിച്ചെത്തിയപ്പോഴും ഗ്രൊന്‍ഡോണ ഇതു തന്നെയാണ് പറഞ്ഞത്. എന്നാല്‍ എന്‍റെ സഹപ്രവര്‍ത്തകരായ ഏഴു പേരെ മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത് എനിക്ക് അംഗീകരിക്കാനായില്ല. അവരില്ലാതെ ഞാന്‍ പരിശീലക സ്ഥാനത്ത് തുടരില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെയാണ് അത്തരമൊരു ആവശ്യം ഉന്നയിച്ചതും. തോല്‍വിയില്‍ ഞങ്ങള്‍ ദു:ഖിച്ചിരിക്കുമ്പോള്‍ ബില്ലാര്‍ഡോ തന്നെ ക്രൂശിക്കാനുളള മാര്‍ഗങ്ങള്‍ തേടുകയായിരുന്നുവെന്നും വികാരാധീനനായി കാണപ്പെട്ട മറഡോണ പറഞ്ഞു.