ബ്വേനസ് എയ്റിസ്, വ്യാഴം, 29 ജൂലൈ 2010( 09:02 IST )
ലോകകപ്പിലെ ദയനീയ തോല്‍വിയുടെ ഭാരം ഇറക്കിവയ്ക്കാന്‍ അര്‍ജന്റീന ഒരുങ്ങുന്നു. ഇതിനായി ലോകകപ്പ് ജേതാക്കളായ സ്പെയിനിനെതിരെ സൌഹൃദമത്സരത്തിന് ഒരുങ്ങുകയാണ് അര്‍ജന്റീന. ലോക ജേതാക്കളായ സ്‌പെയിനും മുന്‍ ലോകചാമ്പ്യന്മാരായ അര്‍ജന്റീനയും തമ്മിലുള്ള രാജ്യാന്തര സൗഹൃദ ഫുട്ബാള്‍ മല്‍സരം സെപ്റ്റംബര്‍ ഏഴിന് നടക്കും.
അര്‍ജന്റീനയില്‍ റിവര്‍പ്ലേറ്റ് സ്‌റ്റേഡിയത്തിലാണ് മല്‍സരം നടക്കുക. ഡീഗോ മറഡോണയെ പുറത്താക്കിയ സാഹചര്യത്തില്‍ പുതിയ കോച്ചിന്റെ കീഴിലുള്ള ആദ്യമത്സരം കൂടിയായിരിക്കും ഇത്. ലയണല്‍ മെസ്സി ഉള്‍പ്പെടുന്ന അര്‍ജന്റീനയും ബാഴ്‌സലോണയില്‍ മെസ്സിയുടെ സഹതാരങ്ങളായ സാവി, ഇനിയസ്റ്റ, ഡേവിഡ് വിയ്യ, കാര്‍ലോസ് പുയോള്‍, ജെറാര്‍ഡ് പിക്വെ, സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ്, പെഡ്രോ തുടങ്ങിയവര്‍ മത്സരത്തില്‍ പങ്കെടുത്തേക്കും.
ഓഗസ്റ്റ് പതിനൊന്ന് നടക്കുന്ന സൗഹൃദ മല്‍സരങ്ങളില്‍ അര്‍ജന്റീന ഡബ്ലിനില്‍ അയര്‍ലന്‍ഡിനെയും സ്‌പെയിന്‍ മെക്‌സികോ സിറ്റിയില്‍ മെക്‌സികോയെയും നേരിടും.