സച്ചിന്‍ ദു:ഖിക്കേണ്ടി വരും: പി ടി ഉഷ

കോഴിക്കോട്| WEBDUNIA|
PRO
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോലെയുള്ള വൃത്തികെട്ട കച്ചവടത്തില്‍ ഭാഗമായതിന്‍റെ പേരില്‍ രാജ്യത്തിന്‍റെ അഭിമാന താരങ്ങളായ സച്ചിനും ഗാംഗുലിയും ദ്രാവിഡും കുംബ്ലെയുമെല്ലാം ഭാവിയില്‍ ദു:ഖിക്കേണ്ടി വരുമെന്ന് ഒളിമ്പ്യന്‍ പി ടി ഉഷ. കളിക്കുന്നവരിലോ കാണികളിലോ ഒരു വിധത്തിലുള്ള ദേശസ്നേഹവും ഉണര്‍ത്താത്ത ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വെറും കച്ചവടമാണെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പയ്യോളി എക്സ്പ്രസ് പറഞ്ഞു.

ഫുട്ബോളും ക്രിക്കറ്റും എനിക്കിഷ്ടമാണ്. എന്നാല്‍ ഐ പി എല്ലില്‍ എനിക്ക് താല്‍‌പ്പര്യമില്ല. അതൊരു കായിക മത്സരമല്ല. വെറും കച്ചവടമാണ്. അതും വൃത്തികെട്ട രീതിയില്‍ നടത്തുന്ന കച്ചവടം. കളിക്കാര്‍ കളിക്കുന്നത് രാജ്യത്തിനു വേണ്ടിയല്ല. തങ്ങളുടെ മുതലാളിമാര്‍ക്ക് വേണ്ടിയാണ്. ഐ പി എല്‍ കണ്ടും എഴുതിയും പറഞ്ഞുമെല്ലാം നമ്മള്‍ നമ്മുടെ വിലപ്പെട്ട സമയം നഷ്ടമാക്കുകയാണ്. ഒളിമ്പിക്സില്‍ മെഡല്‍ നേടുക എന്നതു പോലെ ഈ രാജ്യത്ത് നമുക്ക് ആശങ്കപ്പെടാന്‍ വേറെ എത്രയോ കാര്യങ്ങളുണ്ട്.

ഐ പി എല്‍ കൊച്ചി ടീമിനെക്കുറിച്ച് ഇത്രയേറെ വിവാദങ്ങള്‍ ഉണ്ടാവാന്‍ കാരണം അത് ലാഭം മാത്രം അടിസ്ഥാനമാക്കിയുളള കച്ചവടമായിരുന്നു എന്നത് കൊണ്ടാണ്. ഈ വിഷയം നമ്മള്‍ പാര്‍ലമെന്‍റില്‍ പോലും ചര്‍ച്ച ചെയ്തു. ഇതിലും വലിയൊരു നാണക്കേട് രാജ്യത്തിന് ഇനി ഉണ്ടാവാനുണ്ടോ. ഈ ക്രൂരമായ വിനോദത്തെ എത്രയും പെട്ടെന്ന് നിരോധിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.

ഐ പി എല്ലിലെ കൊച്ചി ടീം കേരളത്തിലെ കായികരംഗത്തിന് ഒരിക്കലും ഉപകാരപ്പെടില്ല. കാരണം എന്നും സ്ത്രീകളായിരുന്നു നമ്മുടെ ശക്തി. എന്നാല്‍ ഐ പി എല്ലിന് സ്ത്രീകളെ സ്വാധീനിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഒളിമ്പിക് മെഡല്‍ ലക്‍ഷ്യമിട്ട് ഉഷ സ്കൂളിന്‍റെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുകയാണെന്നും ഉഷ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :