സ്റ്റുട്ഗാര്‍ട്ട് പേടിച്ചത് സംഭവിച്ചു. മത്സരത്തിനു മുന്‍പ് ലയണല്‍ മെസ്സിയെ പേടിയില്ലെന്ന് വീമ്പടിച്ച സ്റ്റുട്ഗാര്‍ട്ട് പോസ്റ്റില്‍ രണ്ട് ഗോളുകള്‍ അടിച്ചുകയറ്റിയ മെസ്സിയുടെ മികവില്‍ ബാര്‍സ ചാമ്പ്യന്‍സ് ലീഗിന്‍റെ ക്വാര്‍ട്ടറിലെത്തി. മെസ്സിയുടെ രണ്ട് ഗോളിനു പുറമെ പെഡ്രോയും ബോജാന്‍ കിക്കും സ്റ്റുട്ഗാര്‍ട്ട് വലനിറച്ചപ്പോള്‍ എതിരില്ലാത്ത നാലു ഗോളിനായിരുന്നു ബാര്‍സയുടെ വിജയം.
സമനില പോലും ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പാക്കുമായിരുന്ന ബാര്‍സ ഇരുപാദങ്ങളിലുമായി 5-1നാണ് ആധികാരിക ജയം പൂര്‍ത്തിയാക്കിയത്. തുടര്‍ച്ചയായ മൂന്നാം സീസണിലാണ് നിലവിലെ ചാമ്പ്യന്‍മാര്‍കൂടിയായ ബാര്‍സ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഉറപ്പാക്കുന്നത്. കിരീടം നേടിയ ശേഷം അടുത്ത സീസണില്‍ ക്വാര്‍ട്ടറിലിടം പിടിയ്ക്കാന്‍ ബാര്‍സയ്ക്ക് മുന്‍പ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു മാത്രമേ കഴിഞ്ഞുട്ടുള്ളു.
പതിമൂന്നാം മിനുറ്റിലാണ് മെസ്സില്‍ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. 21 ആം മിനുറ്റില്‍ പെഡ്രോ ബാര്‍സയുടെ ഗോള്‍ നേട്ടം രണ്ടാക്കി ഉയര്‍ത്തി. 58 ആം മിനുറ്റില്‍ മെസ്സി വീണ്ടും സ്റ്റുര്‍ട്ഗാട്ട് വലയനക്കി. 89 ആം മിനുറ്റില്‍ ബോജാന്‍ സ്റ്റുര്‍ട്ഗാര്‍ട്ടിന്‍റെ ശവപ്പെട്ടിയില്‍ അവസാന ആണിയും അടിച്ചു. ഇന്നലത്തെ ഇരട്ടഗൊളോടെ സീസണിലെ മെസ്സിയുടെ ഗൊള്‍നേട്ടം 29 ആയി.