മാഞ്ചസ്റ്റര്‍ ഉടമകളായ ഗ്ലേസര്‍ കുടുബത്തിനെതിരായ പ്രതിഷേധത്തില്‍ സൂപ്പര്‍ താരം ഡേവിഡ് ബെക്കാമും. കഴിഞ്ഞ ദിവസം ഓള്‍ഡ് ട്രാഫോര്‍ഡില്‍ ചാമ്പ്യന്‍സ് ലീഗ് മത്സരം പൂര്‍ത്തിയാക്കിയ ശേഷമാണ് ബെക്കാം ഗ്ലേസര്‍ കുടുംബത്തിനെതിരായ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചത്. ഗ്ലേസര്‍ കുടുംബത്തിനെതിരെ പ്രതിഷേധം അറിയിക്കുന്നവര്‍ നാട്ടുകാരായ ആരാധകര്‍ അണിയുന്ന പച്ചയും, സ്വര്‍ണ നിറവുമടങ്ങിയ ടവ്വല്‍ കഴുത്തില്‍ ചുറ്റിയാണ് ബെക്കാം പ്രതിഷേധക്കാരുടെ കൂടെ കൂടിയത്.
തനിക്ക് വേണ്ടിയല്ല തന്നെ സ്നേഹിക്കുന്ന മാഞ്ചസ്റ്റര്‍ അരാധകര്‍ക്ക് വേണ്ടിയാണ് പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നതെന്ന് ബെക്കാം പറഞ്ഞു. മാല്‍ക്കം ഗ്ലേസര്‍ ക്ലബ്ബ് ഏറ്റെടുത്തശേഷം യുണൈറ്റഡ് വന്‍കടക്കേണിയിലായതാണ് മഞ്ചസ്റ്റര്‍ ആരാധകരുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയത്.
ലോകത്തിലെ ഏറ്റവും സമ്പന്നമായ ഫുട്ബോള്‍ ക്ലബ്ബുകളിലൊന്നായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ആരാധകരുടെ കൂട്ടായ്‌മയായ റെഡ് നൈറ്റ്സ് ശ്രമം നടത്തിയിരുന്നു. അറുപതോളം നിക്ഷേപകര്‍ ഒന്നര ബില്യണ്‍ പൌണ്ട് വീതം സമാഹരിച്ച് മാഞ്ചസ്റ്ററിന്‍റെ 51 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനാണ് ശ്രമിക്കുന്നത്.
2005ലാണ് അമേരിക്കന്‍ ആസ്ഥാനമായ ഗ്ലേസര്‍ കുടുംബം 790 മില്യണ്‍ പൌണ്ട് നല്‍കി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സ്വന്തമാക്കിയത്. തങ്ങളുടെ സ്വന്തം ക്ലബ്ബിനെ ഒരു യു എസ് കുടുംബ സ്വന്തമാക്കിയതില്‍ ആരാധകര്‍ക്ക് അന്നേ അമര്‍ഷമുണ്ടായിരുന്നു. എന്നാല്‍ മാഞ്ചസ്റ്ററിന്‍റെ കടഭാരം തീര്‍ക്കാന്‍ ഇതല്ലാതെ മറ്റ് വഴിയുമില്ലായിരുന്നു.