ഇന്ത്യയിലെ യുവ ഫുട്ബോളര്‍മാരെ കണ്ടെത്താനായി പ്രമുഖ സ്പോര്‍ട്സ് ചാനലായ ഇ എസ് പി എന്‍-സ്റ്റാര്‍ സ്പോര്‍ട്സ് റിയാലിറ്റി ഷോയുമായി രംഗത്തു വരുന്നു. ജൂണില്‍ ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പ് ഫുട്ബോളിന് പന്തുരുളുമ്പോഴായിരിക്കും ഇ എസ് പി എന്നിന്‍റെ ഫുട്ബോള്‍ റിയാലിറ്റി ഷോ ഇന്ത്യയില്‍ അരങ്ങേറുക.
മീഡിയാ സ്റ്റാര്‍ ഗ്ലോബല്‍, ചെല്‍സി ഫുട്ബോള്‍ ക്ലബ്ബ് എന്നിവയുമായി സഹകരിച്ചാണ് ‘സൂപ്പര്‍ സോക്കര്‍ സ്റ്റാര്‍’ എന്നപേരില്‍ ഇ എസ് പി എന്‍ റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നത്. 13-16 പ്രായപരിധിയിലുള്ള തെരഞ്ഞെടുക്കപ്പെടുന്ന 20 മത്സരാര്‍ത്ഥികള്‍ക്കായിരിക്കും റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടാവുക.
രാജ്യത്തുടനീളം നടത്തുന്ന ട്രയല്‍സിന്‍റെയും ലൈവ് പ്രകടനങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്ക് ഒരാഴ്ച ഫുട്ബോള്‍ അക്കാദമികളില്‍ ശാസ്ത്രീയ പരിശീലനം നല്‍കും.
ഇവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന നാലു പേരായിരിക്കും ഫൈനലില്‍ മാറ്റുരയ്ക്കുക. ചെല്‍സി ടീം അധികൃതരായിരിക്കും മത്സരാര്‍ത്ഥികളുടെ കഴിവളക്കുക. വിജയിയെ ഇന്ത്യയിലെ സൂപ്പര്‍ സോക്കര്‍ സ്റ്റാറായി പ്രഖ്യാപിക്കും. ഇതിനു പുറമെ വിജയിക്ക് കോബാമിന്‍ലെ ചെല്‍സി അക്കാദമിയില്‍ പരിശീലനവും നല്‍കും.