എല്ലാ കൗണ്ട് ഡൗണുകളും ഇന്ന് അവസാനിക്കുന്നു. കായികരംഗത്തെ ഓസ്കര്‍ എന്നറിയപ്പെടുന്ന ലോറസ് സ്‌പോര്‍ട്‌സ് അവാര്‍ഡുകള്‍ ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഒമ്പതു മണിക്ക് അബുദാബി എമിറേറ്റ്‌സ് പാലസില്‍ ഒരുങ്ങുന്ന വര്‍ണശബളമായ ചടങ്ങില്‍ പ്രഖ്യാപിക്കും.
150 രാഷ്ട്രങ്ങളില്‍ നിന്നുള്ള കായിക റിപ്പോര്‍ട്ടമാരുടെ പാനല്‍ നിര്‍ദേശിച്ചവരില്‍നിന്ന് 46 അംഗ ലോറസ് സ്പോര്‍ട്സ് അക്കാദമി അംഗങ്ങളാണ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിക്കുക. ഓസ്‌കര്‍ മാതൃകയില്‍ അരങ്ങേറുന്ന ചടങ്ങുകളില്‍ ഓസ്‌കര്‍ ജേതാവുകൂടിയായ ഹോളിവുഡ് താരം കെവിന്‍ സ്പാസി അരങ്ങു തകര്‍ക്കും. ബ്രിട്ടീഷ് ചലച്ചിത്രതാരങ്ങളായ ഹിംഗ്രാന്‍ഡും ക്ലൈവ് ഓവനും അമേരിക്കന്‍ താരങ്ങളായ കൈലി മക്‌ലാച്‌ലാനും മൈക്കല്‍ റോഡ്രിഗ്‌സും ചടങ്ങില്‍ പ്രത്യേക അതിഥികളായിരിക്കും.
പുരുഷവിഭാഗത്തില്‍ കഴിഞ്ഞ കൊല്ലത്തെ ജേതാവായ അത്‌ലറ്റ് ഉസൈന്‍ ബോള്‍ട്ടിന് (ജമൈക്ക) അഞ്ചാമത്തെ കിരീടത്തിനായെത്തുന്ന ടെന്നിസ് താരം റോജര്‍ ഫെഡററാണ് (സ്വിറ്റ്‌സര്‍ലന്‍ഡ്) ഏറ്റവും വലിയ വെല്ലുവിളി. തന്‍റെ തെരഞ്ഞെടുപ്പില്‍ റോജര്‍ ഫെഡറര്‍ തന്നെയാണ് കഴിഞ്ഞ ദശാബ്ദത്തിനിടെയുണ്ടായ ലോകത്തിലെ ഏറ്റവും മികച്ച കായികതാരമെന്ന ലോറസ് സ്പോര്‍ട്സ് അക്കാദമി ചെയര്‍മാന്‍ എഡ്വിന്‍ മോസ് വിലയിരുത്തല്‍ വിശ്വസിക്കാമെങ്കില്‍ ഇത്തവണ ഫെഡറര്‍ നേടുമെന്നാണ് കായികലോകം കണക്കുകൂട്ടുന്നത്. ഫെഡറര്‍ വെറുതെ ജയിക്കുക മാത്രമല്ല ടെന്നീസിനോട് അദ്ദേഹം പുലര്‍ത്തുന്ന വികാരപരമായ സമീപനം കാണികളെ ആ കളിയിലേക്ക് ആകര്‍ഷിക്കാന്‍ കൂടി ഉതകുന്നതാണെന്ന് മോസ് പറഞ്ഞു.
വനിതാവിഭാഗത്തില്‍ രണ്ടു തവണ ജേതാവായ ടെന്നിസ് താരം സെറീനാ വില്യംസിന് (അമേരിക്ക) അത്‌ലറ്റുകളായ ഷെല്ലി ആന്‍ ഫ്രെസറും (ജമൈക്ക) സാന്യ റിച്ചാര്‍ഡ്‌സും (അമേരിക്ക) നീന്തല്‍ താരങ്ങളായ ഫെഡറിക്കാ പെല്ലിഗ്രിനിയും (ഇറ്റലി) ബ്രിട്ട സ്റ്റീഫനും (ജര്‍മനി) ഒപ്പത്തിനൊപ്പം പൊരുതുമെന്നു തീര്‍ച്ച. ആറു വിഭാഗങ്ങളിലാണ് അവാര്‍ഡ് പ്രഖ്യാപിക്കുക. ഓരോ കാറ്റഗറിയിലും ആറാറു പേരെയാണ് അന്താരാഷ്ട്ര മീഡിയ സെലക്ഷന്‍ പാനല്‍ നിര്‍ദേശിച്ചിട്ടുള്ളത്.
പ്രമുഖ അവാര്‍ഡുകള്‍ക്ക് പരിഗണിക്കപ്പെടുന്നവര്‍:
സ്‌പോര്‍ട്‌സ്മാന്‍ ഓഫ് ദ ഇയര്‍: കെനനീസെ ബെക്കലെ(എത്യോപ്യ), ഉസൈന്‍ ബോള്‍ട്ട് (ജമൈക്ക), ആല്‍ബര്‍ട്ടോ കോണ്‍റ്റഡോര്‍ (സ്‌പെയിന്‍), റോജര്‍ ഫെഡറര്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്), ലയണല്‍ മെസി(അര്‍ജന്റീന), വലന്റീനോ റോസി (ഇറ്റലി).
ടീം ഓഫ് ദ ഇയര്‍: ബാര്‍സലോണ ഫുട്‌ബോള്‍ ടീം (സ്‌പെയിന്‍), ബ്രാണ്‍ ജി.പി. ഫോര്‍മുല വണ്‍ ടീം (ബ്രിട്ടന്‍), ജര്‍മന്‍ വനിതാ ഫുട്‌ബോള്‍ ടീം, ലോസ് ആഞ്ജലീസ് ലേക്കേഴ്‌സ് (അമേരിക്ക), ന്യുയോര്‍ക്ക് യാങ്കീസ് (അമേരിക്ക), ദക്ഷിണാഫ്രിക്ക റഗ്ബി ടീം